മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ പോലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടി. 26 മാവോവാദികളെ കൊലപ്പെടുത്തിയതായി പോലീസ് സ്ഥരീകരിച്ചു. വനമേഖലയില്‍ നിന്ന് 26 മാവോവാദികളുടെ മൃതശരീരം കണ്ടെടുത്തതായി ജില്ലാ പോലീസ് മേധാവി അങ്കിത് ഗോയല്‍ പറഞ്ഞു.
ഇന്ന് രാവിലെ സി-60 പോലീസ് കമാന്‍ഡോ വിഭാഗം നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട നക്സലുകളില്‍ ഭീമ കൊറേഗാവ് കേസിലെ കുറ്റവാളിയായ മിലിന്ദ് തെല്‍തുംബ്ഡെയും കൊല്ലപ്പെട്ടുവെന്നാണ് വിവരം. എന്‍.ഐ.എ, പുണെ പോലീസ് എന്നിവര്‍ അന്വേഷിക്കുന്ന കുറ്റവാളിയാണ് മിലിന്ദ്. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ് മിലിന്ദ്.
ഭീമ കൊറേഗാവ് കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മിലിന്ദിന്റെ പങ്കിനെ കുറിച്ച് വിശദാംശമായി പറയുന്നുണ്ട്. ഛത്തീസ്ഗഡുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് ഏറ്റുമുട്ടല്‍ നടന്നത്. നാല് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി.