ദുബായ്: ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ തകര്‍പ്പന്‍ പ്രകടത്തിനു മുന്‍പ് രോഗബാധിതനായി ഐസിയുവിലായപ്പോള്‍ ചികിത്സിച്ച മലയാളി ഡോക്ടര്‍ക്ക് പാക്ക് ക്രിക്കറ്റ്താരം മുഹമ്മദ് റിസ്വാന്‍ കയ്യൊപ്പിട്ട ജഴ്‌സി സമ്മാനിച്ചു.
ദുബായ് വിപിഎസ് മെഡിയോര്‍ ആശുപത്രിയില്‍ തൊണ്ടയിലെ അണുബാധയുമായി ചൊവ്വാഴ്ച എത്തിയ റിസ്വാനെ തിരുവനന്തപുരം സ്വദേശിയായ ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ. സഹീര്‍ സൈനുലാബ്ദീനാണു ചികിത്സിച്ചത്.
തൊണ്ടയിലെ അണുബാധ ശ്വാസനാളത്തെയും അന്നനാളത്തെയും ബാധിച്ചതാണെന്നും ഭേദമാകാന്‍ ഒരാഴ്ച വരെ സമയമെടുക്കുന്ന രോഗാവസ്ഥ രണ്ടുദിനം കൊണ്ടു മറികടന്നാണു റിസ്വാന്‍ ടീമിനൊപ്പം ചേര്‍ന്നതെന്നും ഡോ. സഹീര്‍ പറഞ്ഞു.
വ്യാഴാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓപ്പണറായി ഇറങ്ങി പാക്ക് ടീമിലെ ടോപ് സ്‌കോററുമായി. ‘എനിക്ക് ടീമിനൊപ്പം ചേര്‍ന്നു കളിക്കണം..’ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുമ്പോഴും പാക്ക് താരം മുഹമ്മദ് റിസ്‌വാന്‍ ഇതാണ് പറഞ്ഞു കൊണ്ടിരുന്നതെന്ന് ഡോ. സഹീര്‍.
35 മണിക്കൂര്‍ ഇവിടെ കഴിഞ്ഞശേഷം ക്രീസിലെത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയ റിസ്‌വാനെക്കുറിച്ച് സഹീര്‍ പറയുന്നു ”അവിശ്വസനീയം”. ഭേദമാകാന്‍ ഒരാഴ്ച വരെ സമയമെടുക്കുന്ന രോഗാവസ്ഥ രണ്ടുദിനം കൊണ്ടാണ് റിസ്‌വാന്‍ മറികടന്നതെന്നും ഡോ.സഹീര്‍ സൈനുലാബ്ദീന്‍ ചൂണ്ടിക്കാട്ടുന്നു.