അബുദാബി: ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത ബസ് അജ്മാനിലെ കോര്‍ണിഷില്‍ സര്‍വീസ് ആരംഭിച്ചു. കോര്‍ണിഷില്‍നിന്ന് 3 കിലോമീറ്റര്‍ പരിധിയിലുള്ള ഹോട്ടലുകളിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കുകയാണ് ദൗത്യം.
ദുബായ്, അബുദാബി എമിറേറ്റുകള്‍ക്കു പിന്നാലെ ഡ്രൈവറില്ലാ ഓട്ടോണമസ് വാഹനം പരീക്ഷിക്കുന്ന മൂന്നാമത്തെ എമിറേറ്റ് ആണ് അജ്മാന്‍. കന്നി യാത്രയില്‍ നിര്‍മിത ബുദ്ധി സഹമന്ത്രി ഒമര്‍ അല്‍ ഒലാമ, അജ്മാന്‍ മുനിസിപ്പാലിറ്റി ആന്‍ഡ് പ്ലാനിങ് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഷെയ്ഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി എന്നിവരും യാത്രക്കാരായി.
യാത്രാ റോഡുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിച്ചാല്‍ ഏതു വലുപ്പത്തിലുള്ള ഡ്രൈവറില്ലാ വാഹനവും പൊതുഗതാഗതത്തിനായി ഉപയോഗിക്കാമെന്ന് ബസിലെ സാങ്കേതികവിദ്യ വികസിപ്പിച്ച യുഎഇ കമ്പനി ഇയോണിന്റെ പ്രോജക്ട് മാനേജര്‍ നാസിര്‍ അല്‍ ഷംസി പറഞ്ഞു.
11 പേര്‍ക്ക് ഇരുന്നും 4 പേര്‍ക്ക് നിന്നും യാത്ര ചെയ്യാം. നിര്‍മിത ബുദ്ധി, സെന്‍സര്‍, ക്യാമറ, നാവിഗേഷന്‍ സംവിധാനം എന്നിവയുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം. ബസിനു പുറത്ത് എട്ടും അകത്ത് ആറും ക്യാമറകളുണ്ട്. വൈഫൈ സൗകര്യവുമുണ്ട്. നിലവില്‍ 3 കി.മീ പരിധിയിലാണ് സഞ്ചാരമെങ്കിലും വൈകാതെ 7 കി.മീ ആയി വര്‍ധിപ്പിക്കും. റോഡിലെ തടസ്സം, യാത്രക്കാരുടെ സാന്നിധ്യം, ട്രാഫിക് സിഗ്‌നല്‍ എന്നിവ 20 മീറ്റര്‍ അകലെ നിന്നു ബസിനു തിരിച്ചറിയാം. തടസ്സം നീങ്ങുകയോ സിഗ്‌നല്‍ പച്ച തെളിയുകയോ ചെയ്യുന്നതുവരെ ബസ് നിര്‍ത്തിയിടും.