
കൊല്‍ക്കത്ത: റെഫ്രിജറേറ്ററില്‍ ശീതീകരിച്ച് സൂക്ഷിക്കേണ്ട ആവശ്യമില്ലാത്ത ഇന്‍സുലിന്‍ വികസിപ്പിച്ച് ഒരുസംഘം ശാസ്ത്രജ്ഞര്‍. പ്രമേഹരോഗികള്‍ക്ക് ഇനി ഇന്‍സുലിന്‍ ഒപ്പം കൊണ്ടുനടക്കാനാവുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സൗകര്യം. കൊല്‍ക്കത്ത ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജി എന്നിവയിലെയും ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയിലെയും ശാസ്ത്രജ്ഞരുടെ പരിശ്രമമാണ് ഈ വഴിത്തിരിവിനുപിന്നില്‍.
ഫ്രിഡ്ജിലല്ലാതെ ആവശ്യമുള്ള സമയമത്രയും ഈ ഇന്‍സുലിന്‍ പുറത്ത് സൂക്ഷിക്കാമെന്ന് ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ശുഭ്രാംശു ചാറ്റര്‍ജി പറഞ്ഞു. തത്കാലം ഇതിന് ‘ഇന്‍സുലോക്ക്’ എന്നാണ് പേരിട്ടിരിക്കുന്നത്. ആചാര്യ ജഗദീഷ്ചന്ദ്രബോസിന്റെ പേര് നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിനുള്ള അപേക്ഷ ശാസ്ത്ര-സാങ്കേതികവിദ്യാ വിഭാഗത്തിന് (ഡി.എസ്.ടി.)നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രമുഖ അന്താരാഷ്ട്ര ശാസ്ത്രമാസികയായ ‘ഐ സയന്‍സ്’ ഈ ഗവേഷണഫലത്തെ അംഗീകരിച്ചിട്ടുണ്ട്. ശുഭ്രാംശു ചാറ്റര്‍ജി, ഐ.ഐ.സി.ബി.യിലെ ശാസ്ത്രജ്ഞനായ പാര്‍ഥ ചക്രവര്‍ത്തി, ഐ.ഐ.സി.ടി.യിലെ ശാസ്ത്രജ്ഞരായ ബി. ജഗദീഷ്, ജെ. റെഡ്ഡി എന്നിവരാണ് പുതിയ ഇന്‍സുലിന്‍ വകഭേദം വികസിപ്പിച്ചെടുത്തത്. ഇന്‍സുലിന്‍ തന്മാത്രകള്‍ക്കുള്ളില്‍ നാല് അമിനോ ആസിഡ് പെപ്റ്റൈഡ് തന്മാത്രകളുടെ ഒരു ചട്ടക്കൂട് കടത്തിവിട്ടുകൊണ്ടാണ് ഇത് സാധ്യമാക്കിയത്.
ഇതോടെ തണുപ്പിക്കാതിരിക്കുമ്പോഴും ഇന്‍സുലിന്‍ തന്മാത്രകള്‍ ഖരരൂപമാകാതെ നിലനിര്‍ത്താന്‍ കഴിയുന്നു. സാധാരണഗതിയില്‍ ഇന്‍സുലിന്‍ നാലുഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് സൂക്ഷിക്കാറുള്ളത്. എന്നാല്‍, പുതിയ ഈ ഇന്‍സുലിന് 65 ഡിഗ്രി സെല്‍ഷ്യസിലും പിടിച്ചുനില്‍ക്കാനാവുമെന്ന് ഗവേഷകര്‍ പറഞ്ഞു.