കൊച്ചി: അഭ്യൂഹങ്ങള്‍ ശരിവച്ച് കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) – ട്വന്റി20 സഖ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാള്. ‘ജനക്ഷേമ സഖ്യം’ എന്ന പേരിലായിരിക്കും മുന്നണി അറിയപ്പെടുക. ഭാവിയില്‍ കേരളത്തിലും സര്‍ക്കാരുണ്ടാക്കാന്‍ മുന്നണിക്കു സാധിക്കുമെന്ന് കേജ്രിവാള് പറഞ്ഞു. ഡല്‍ഹിയില്‍ എന്തു കാര്യം നടക്കാനും കൈക്കൂലി നല്‍കണമായിരുന്നു. എന്നാല്‍ എഎപി അധികാരത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ കൈക്കൂലി ഇല്ലാതാക്കിയെന്നും കേജ്രിവാള് പറഞ്ഞു. കിഴക്കമ്പലത്തു നടക്കുന്ന പൊതു സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ മതിപ്പുളവാക്കുന്നതാണെന്നും കേജ്രിവാള് അഭിപ്രായപ്പെട്ടു. ജനക്ഷേമവും രാജ്യവികസനവുമാണ് എഎപി – ട്വന്റി20 സഖ്യത്തിന്റെ ലക്ഷ്യമെന്ന് സമ്മേളനത്തില്‍ സംസാരിച്ച സാബു ജേക്കബ് വ്യക്തമാക്കി.
”പത്തു വര്‍ഷം മുന്‍പ് ആം ആദ്മി പാര്‍ട്ടിയേയോ അരവിന്ദ് കേജ്രിവാളിനെയോ ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഞങ്ങള്‍ പാര്‍ട്ടിയുണ്ടാക്കി ഒരു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കി. ഒന്നല്ല മൂന്നു വട്ടം. പിന്നീട് പഞ്ചാബിലും സര്‍ക്കാരുണ്ടാക്കി. ഇനി കേരളത്തിലും സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കു സാധിക്കും’ – കേജ്രിവാള് പറഞ്ഞു.