ഇടുക്കി: അയ്യപ്പഭക്തന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറിന് മുകളിലേയ്ക്ക് മറിഞ്ഞ് നാലു പേര്‍ക്ക് പരുക്ക്. തമിഴ്നാട്ടില്‍ നിന്നും അയ്യപ്പ ഭക്തന്‍മാരുമായി വന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ശബരിമലയില്‍ നിന്നും തിരികെ വന്ന പോണ്ടിച്ചേരി സ്വദേശികളായ തീര്‍ത്ഥാടകരുടെ കാറിന് മുകളലേയ്ക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരുക്കേറ്റെങ്കിലും ആരുടെയും പരുക്ക് ഗുരുതരമല്ല. ശനിയാഴ്ച രാവിലെ 8.30 മണിയടെ കുട്ടിക്കാനത്തിനും വളഞ്ഞാക്കാനത്തിനും മധ്യേയുള്ള വലിയ വളവുകളിലൊന്നിലാണ് അപകടം ഉണ്ടായത്.
ബസ് വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിരെ വന്ന കാറിന് മുകളിലേയ്ക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചെങ്കിലും പോലീസെത്തി ഗതാഗതം പുനസ്ഥാപിച്ചു.
കുത്തിറക്കങ്ങളും വന്‍ വളവുകളും നിറഞ്ഞ കുട്ടിക്കാനം – മുണ്ടക്കയം റൂട്ടില്‍ തീര്‍ത്ഥാടകരുടെ തിരക്കേറിയതോടെ അപകടം വര്‍ധിച്ചിരിക്കുകയാണ്. ഇതരസംസ്ഥാനത്തു നിന്നും എത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍ പ്പെടുന്നവയിലേറെയും. ഹൈറേഞ്ച് പാതകളിലൂടെയുള്ള പരിചയ കുറവാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.