ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മുറെ ഹില്‍സ്റ്റേഷനില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് 10 കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രത്തില്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് കുടുങ്ങിയത്. മരിച്ചവരില്‍ ഇസ്ലാമാബാദിലെ പൊലീസ് ഓഫീസര്‍ നവീഡ് ഇക്ബാലും ഭാര്യയും ആറു മക്കളും ഉള്‍പ്പെടുന്നു.
ഭൂരിഭാഗം ആളുകളും കാറിനുള്ളില്‍ തണുത്ത് മരവിച്ചാണ് മരിച്ചത്. ചൂട് നിലനിര്‍ത്താന്‍ വാഹനത്തിന്റെ ഹീറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ ഫലമായി ശ്വാസംമുട്ടിയും മരണം സംഭവിച്ചിട്ടുണ്ടാകും എന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയില്‍ മലയോര പട്ടണത്തില്‍ നാലടിയിലധികം മഞ്ഞുവീഴ്ചയാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ കുടുങ്ങി. അടുത്ത ദിവസം തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്ന് 70 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള മുറേയിലേക്കുള്ള എല്ലാ വാഹനങ്ങളും തടഞ്ഞു.
റോഡുകല്‍ നിന്ന് മഞ്ഞുനീക്കം ചെയ്യാനും കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനും സൈന്യത്തെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു. പ്രദേശത്തെ ദുരന്ത മേഖലയായി പ്രഖ്യാപിച്ചതായും ആഭ്യന്തരമന്ത്രി അറിയിച്ചു.