മഞ്ചേരി: പി.വി.അന്‍വര്‍ എംഎല്‍എ പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ക്രഷര്‍ ഇടപാടുമായി ബന്ധപ്പെട്ട് അന്‍വറിന് എതിരായ കേസില്‍ പാട്ടക്കരാര്‍ വ്യവസ്ഥകള്‍ വ്യക്തമാക്കാത്തത് പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്ന റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കോടതിയില്‍ സമര്‍പ്പിച്ചത്. കരാര്‍ സംബന്ധിച്ച സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി പി.വിക്രമന്‍ സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബല്‍ത്തങ്ങാടി താലൂക്ക് കരായ വില്ലേജില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്തു മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീമില്‍നിന്ന് 50 ലക്ഷം രൂപ അന്‍വര്‍ വാങ്ങിയെന്നാണ് കേസ്. അന്‍വറിന് ക്രഷര്‍ വില്‍പന നടത്തിയ കാസര്‍കോട് സ്വദേശി കെ.ഇബ്രാഹിമില്‍നിന്നു ഡിവൈഎസ്പി കഴിഞ്ഞ 15നു മൊഴിയെടുത്തിരുന്നു. ക്രഷര്‍ സര്‍ക്കാരില്‍നിന്നു പാട്ടത്തിനു ലഭിച്ച രണ്ടര ഏക്കറിലാണെന്നും പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് നല്‍കിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി. ക്രഷറും 26 ഏക്കറും സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയത്തിന് അവകാശമുണ്ടെന്നും പറഞ്ഞാണ് പണം വാങ്ങിയെന്നാണ് സലീമിന്റെ പരാതി.
കരാറില്‍ ക്രഷര്‍ സ്വന്തം ഉടമസ്ഥതയില്‍ ആണെന്ന് പറയുന്നതും പാട്ടഭൂമിയിലാണെന്ന കാര്യം വ്യക്തമാക്കാത്തതും പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. മംഗലപുരത്തു പോയി കൂടുതല്‍ അന്വേഷണം നടത്തുമെന്നും രേഖകള്‍ പരിശോധിച്ചും അന്വേഷണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും.