തിരുവനന്തപുരം: അനാചാരവും മന്ത്രവാദവും നടത്തിയാല്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള കരട് ബില്‍ തയാറാക്കി സംസ്ഥാന നിയമപരിഷ്കരണ കമ്മിഷന് സര്‍ക്കാരിനു സമര്‍പ്പിച്ചു. ബില്‍ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. മെഡിക്കല്‍ ചികിത്സ തടഞ്ഞു പകരമായി മന്ത്രവും തന്ത്രവും പ്രാര്‍ഥനയും മറ്റും നല്കി അസുഖം ഭേദമാക്കാനുള്ള ശ്രമങ്ങള്‍ കുറ്റകരമാക്കണമെന്നു സംസ്ഥാന കമ്മിഷന് തയാറാക്കിയ മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനുള്ള കരട് ബില്ലില്‍ നിര്‍ദേശിച്ചു. കവിള് തുളച്ച് ശൂലവും കമ്പിയും കുത്തുക, ‘കുട്ടിച്ചാത്തന്റെ’പേരില്‍ വീടിനു നേരെ കല്ലേറും ഭക്ഷണവും വെള്ളവും മലിനമാക്കുക എന്നിവയും കരടു ബില്‍ പ്രകാരം കുറ്റകരമാണ്.
മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും വന്ധ്യത മാറ്റാനെന്ന പേരില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമവും കടുത്ത കുറ്റകൃത്യങ്ങളാണ്. അനാചാരങ്ങളുടെ ഭാഗമായി സ്ത്രീകളെ ഒറ്റപ്പെടുത്തുന്നതും ഗ്രാമത്തില്‍ നിന്നു പുറത്താക്കുന്നതും ആര്‍ത്തവകാലത്തു മാറ്റിപാര്‍പ്പിക്കുന്നതും കുറ്റകരമാകും. ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം, മന്ത്രവാദം വഴി പരിഹരിക്കാം എന്ന മട്ടിലുള്ള പരസ്യങ്ങള്‍ നിരോധിക്കാം. ദുര്‍മന്ത്രവാദത്തിനും അനാചാരത്തിനും ഇരയാകുന്ന വ്യക്തിയുടെ സമ്മതം കുറ്റകൃത്യത്തില്‍ നിന്ന് ഒഴിവാകാനുള്ള കാരണമല്ലെന്ന പ്രധാന വ്യവസ്ഥയും ബില്ലിലുണ്ട്.