അടൂര്‍: ബിവറേജസ് ചില്ലറ മദ്യവില്‍പ്പനശാലയില്‍ നടന്ന മോഷണത്തില്‍ പ്രതികള്‍ പിടിയിലായതോടെ കപ്പലിലെ കള്ളന്മാര്‍ നെട്ടോട്ടം തുടങ്ങി. മോഷണത്തിന് കയറിയവരുടെ പറ്റില്‍ 30,000 രൂപയുടെ മദ്യം കൂടി എഴുതി ചേര്‍ത്ത ബിവറേജിലെ സാറന്മാരാണ് നെട്ടോട്ടമോടുന്നത്. തങ്ങള്‍ വെറുമൊരു ഹാന്‍ഡ്ബാഗുമായി വന്നാണ് മോഷ്ടിച്ചതെന്നും ആകെ എടുത്തത് രണ്ടു ബിയര്‍ മാത്രമാണെന്നും സത്യസന്ധന്മാരായ കള്ളന്മാര്‍ പൊലീസിന് മൊഴി നല്‍കി. മോഷണം പുറത്തറിയാതിരിക്കാന്‍ കള്ളന്മാര്‍ തന്നെ അടിച്ചു മാറ്റിയ ഡിവിആറിലും ഈ രംഗം പതിഞ്ഞിട്ടുണ്ട്.
എന്നാല്‍, കള്ളന്മാര്‍ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി വിവിധ കാലയളവുകളില്‍ സ്വയം ജീവനക്കാരില്‍ ചിലര്‍ അടിച്ചു മാറ്റിയ മദ്യത്തിന്റെ കണക്ക് മോഷ്ടാക്കളുടെ പേരില്‍ എഴുതുകയാണ് ചെയ്തത്. മോഷ്ടാക്കള്‍ പിടിയിലാവുകയും അവരുടെ കുറ്റസമ്മതം വരികയും ചെയ്തതോടെ 30,000 രൂപയുടെ മദ്യക്കണക്ക് എഴുതിയവര്‍ നെട്ടോട്ടം തുടങ്ങി. തൊണ്ടിമുതലായ ഡിവിആര്‍ കൂടി പൊലീസിന്റെ കൈവശം ചെന്നതോടെ എല്ലാം പുറത്തു വരുമെന്ന അവസ്ഥയായി.
പണി കിട്ടാതിരിക്കാന്‍ പൊലീസിലും സമ്മര്‍ദം ചെലുത്തി തുടങ്ങിയിട്ടുണ്ട്. ഇടത് അനുകൂല യുണിയനില്‍പ്പെട്ട ജീവനക്കാര്‍ ജില്ലാ നേതാക്കള്‍ വഴി മോഷണത്തിന്റെ യഥാര്‍ഥ കഥ ഒതുക്കാനുള്ള നീക്കം നടക്കുന്നുണ്ട്. എന്നാല്‍, മോഷ്ടാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാകും പൊലീസ് റിപ്പോര്‍ട്ട് കൊടുക്കുക എന്നാണ് സൂചന. ഡിവിആറില്‍ എല്ലാ തെളിവുകളും ഉള്ളതിനാല്‍ പൊലീസിനും പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയില്ല.
മേയ് ആറിനാണ് ടൂര്‍ ബൈപ്പാസിലെ മദ്യവില്‍പ്പന ശാലയില്‍ മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ ഗോല്‍പോക്കര്‍ സ്വദേശി സംഷാദ്(28), ബാബന്‍ബാരി ജെഹിര്‍ ആലം(20) എന്നിവരെ പയ്യന്നൂര്‍, ഇടപ്പളളി എന്നിവിടങ്ങളില്‍ നിന്ന പൊലീസ് പിടികൂടിയിരുന്നു.
പണം സൂക്ഷിച്ചിരുന്ന ഇരുമ്പ് ചെസ്റ്റ് പൊളിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ മൊബൈല്‍ ഫോണുകളും, സി.സി.ടി.വി ഡി.വി.ആറുകളും കൈക്കലാക്കി പ്രതികള്‍ രക്ഷപ്പെട്ടു. ആറിന് രാവിലെ ജീവനക്കാര്‍ വിദേശമദ്യശാല തുറക്കാന്‍ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബിവറേജ് ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ തറയില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന ലോക്കര്‍ കുത്തിപ്പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ബിവറേജ് ഔട്ട്ലെറ്റിലെ മേശകളും അലമാരയും തകര്‍ത്ത പ്രതികള്‍ സമീപത്തെ ഭിത്തിയില്‍ ഘടിപ്പിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഡിവിആറുകളും മദ്യക്കുപ്പികളും മൊബൈല്‍ ഫോണുകളും എടുത്തു കൊണ്ട് പോവുകയായിരുന്നു.
പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഡി.വി.ആറുകള്‍ നഷ്ടപ്പെട്ടതിനാല്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ടൗണിന് സമീപമുള്ള നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് പ്രതികള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ആണെന്ന സൂചന ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളും അടൂര്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകളും വാണിജ്യ സ്ഥാപനങ്ങളും അരിച്ചുപെറുക്കി അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ കോട്ടയം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു.
കോട്ടയത്ത് ദിവസങ്ങളോളം തങ്ങി അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സംഷാദിനെ കണ്ണൂര്‍, പയ്യന്നൂരില്‍ നിന്നും രണ്ടാം പ്രതി ജെഹീറിനെ എറണാകുളം ഇടപ്പള്ളിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ്.ഐ എം. മനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്, ജോബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.