
അടൂര്‍ : ചിറ്റാര്‍ ജയന്റ് വീല്‍ അപകടം അടൂരില്‍ ആവര്‍ത്തിക്കുമെന്ന് ആശങ്ക. അടൂര്‍ ഫെസ്റ്റിനോടനുബന്ധിച്ച് പരിപാടികള്‍ നടത്താന്‍ നഗരസഭ കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. അടൂര്‍ പത്തനാപുരം റോഡില്‍ തോംസണ്‍ ബേക്കറിക്ക് സമീപമുള്ള സ്ഥലത്താണ് അടൂര്‍ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. നഗരസഭയുടെ അനുമതി ലഭിച്ചതിന് പിന്നാലെ പരിപാടി സംഘടിപ്പിക്കുന്ന ഐ കമ്പനി എന്റര്‍ടൈമെന്റ്‌സ് പരിപാടിയുടെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു തുടങ്ങി.
പോസ്റ്ററില്‍ നവംബര്‍ 24 മുതല്‍ ഡിസംബര്‍ 11വരെ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ ഏറ്റവും അപകടമേറിയ ജയന്റ് വീല്‍ (ആകാശത്തോട്ടില്‍) എന്ന പരിപാടിയുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്.ജയന്റ് വീല്‍ നടത്തണമെങ്കില്‍ ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ അനുമതി ആവശ്യമാണ്. 2016 സെപ്റ്റംബറിലാണ് ചിറ്റാറില്‍ ജയന്റ് വീല്‍ ആപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചത്. സുരക്ഷാ മാനദണ്ഢങ്ങള്‍ ഇല്ലാതെ ജയന്റ് വീല്‍ പ്രവര്‍ത്തിപ്പിച്ചതാണ് അന്നത്തെ ജില്ലാകളക്ടര്‍ അന്വേഷണകമ്മീഷ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തിരക്കേറിയ റോഡിനോട് ചേര്‍ന്ന് ഇങ്ങനെയുള്ള ഫെസ്റ്റുകള്‍ നടത്തെരുതെന്നും നിയമം നിലവില്‍ ഉണ്ട്.