
ന്യൂഡല്‍ഹി: ചെറിയ ഇടവേളയ്ക്കു ശേഷം സജീവമായി സമൂഹമാധ്യമലോകം. പണിമുടക്കിയ സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ വീണ്ടും പ്രവര്‍ത്തനസജ്ജമായി. ഏഴു മണിക്കൂറിലേറെ നീണ്ട തകരാറാണു പരിഹരിച്ചത്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഫെയ്‌സ്ബുക് ക്ഷമ ചോദിച്ചു. എന്നാല്‍ മെസഞ്ചറിലെ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനായില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമൂഹമാധ്യമങ്ങളുടെയും മറ്റു വെബ് അധിഷ്ഠിത സേവനങ്ങളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടതായി ഉപഭോക്താക്കള്‍ അറിയിച്ചു. ഇന്ത്യയില്‍ ഫെയ്‌സ്ബുക് സേവനങ്ങള്‍ രാത്രി ഒന്‍പതോടെയാണു നിലച്ചത്.ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് പരാതി ഉയരവെ, പ്രശ്‌നം എത്രയുംവേഗം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നു ഫെയ്‌സ്ബുക് പ്രതികരിച്ചിരുന്നു. ഉപയോക്താക്കളെ സെര്‍വറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ന്‍ നെയിം സിസ്റ്റം (ഡിഎന്‍എസ്) തകരാറാണു കാരണമെന്നാണു വിലയിരുത്തല്‍.
ഫെയ്‌സ്ബുക്കിനു പുറമെ ഗൂഗിളും ആമസോണുമടക്കമുള്ള സേവനങ്ങളെയും പ്രശ്‌നം ബാധിച്ചെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെ, യുഎസ് സര്‍ക്കാര്‍ ഫെയ്‌സ്ബുക്കിനെതിരെ ഫയല്‍ ചെയ്ത അവിശ്വാസ കേസ് പിന്‍വലിക്കണമെന്നു കോടതിയോട് ഫെയ്‌സ്ബുക് ആവശ്യപ്പെട്ടു. കൗമാരക്കാരെ മോശമായി സ്വാധീനിക്കുന്ന പരസ്യങ്ങള്‍ ഫെയ്‌സ്ബുക് പ്രസിദ്ധീകരിക്കുന്നതായി കണ്ടെത്തിയിരുന്നു.