വാഷിങ്ടന്‍ :യുഎസിനെ ആക്രമിക്കാന്‍ മനുഷ്യ നിര്‍മിത കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാന്‍ ചൈനയ്ക്കു കഴിയുമോയെന്നു മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തങ്ങളോടു ചോദിച്ചിരുന്നതായി സഹായികളുടെ വെളിപ്പെടുത്തല്‍. റോളിങ് സ്റ്റോണ്‍ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. കൃത്രിമ കൊടുങ്കാറ്റ് സൃഷ്ടിച്ച് ചൈന യുഎസില്‍ വന്‍ നാശം വിതയ്ക്കുമെന്നു ട്രംപ് ഭയപ്പെട്ടിരുന്നതായി പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോളിങ് സ്റ്റോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ആണവായുധങ്ങള്‍ ഉപയോഗിച്ചു വലിയ കൊടുങ്കാറ്റുകളെ തകര്‍ക്കാന്‍ സാധിക്കുമോയെന്ന് അദ്ദേഹം തന്നോട് ഇടയ്ക്കിടെ ചോദിച്ചിരുന്നതായി സഹായികളില്‍ ഒരാള്‍ പറഞ്ഞു. ട്രംപിന്റെ ചോദ്യത്തിനു പിന്നാലെ ‘ഹരികെയ്ന്‍ ഗണ്‍’ എന്ന പ്രയോഗം തന്നെ തങ്ങള്‍ക്കിടയില്‍ ഉണ്ടായി. അദ്ദേഹം തമാശ പറയുകയാണോ അതോ പരിഹസിക്കുകയാണോ എന്ന് ഒരു നിമിഷം ശങ്കിച്ചിരുന്നു. ഇത്തരത്തില്‍ ചൈന ആക്രമിച്ചാല്‍ ആണവായുധം പ്രയോഗിക്കുന്നതിനുള്ള സാധ്യതകള്‍ അദ്ദേഹം ആരാഞ്ഞു. ബാലിശമെന്നു കരുതുന്ന പല കാര്യങ്ങളും ട്രംപ് പങ്കുവച്ചിരുന്നതായി സഹായികള്‍ പറയുന്നു.