അമൃത്സര്‍: ഇറ്റലിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറില്‍ എത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മിലാനില്‍നിന്നെത്തിയ വിമാനത്തില്‍ 170 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ഒമിക്രോണ്‍ ബാധയുണ്ടോ എന്നറിയാന്‍ വിശദമായ പരിശോധന നടത്തും.
രോഗം സ്ഥിരീകരിച്ചവരെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുമെന്നു വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. അമൃത്സര്‍ വിമാനത്താവളത്തില്‍ വന്‍ജനത്തിരക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇറ്റലിയില്‍നിന്നു യാത്ര പുറപ്പെട്ടപ്പോള്‍ നെഗറ്റീവ് ആയിരുന്നവര്‍ ഇവിടെയെത്തിയപ്പോള്‍ പോസിറ്റീവ് ആയതിനെ മിക്ക യാത്രക്കാരും ചോദ്യം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.
ഇതുവരെ രണ്ടു പേര്‍ക്കാണ് പഞ്ചാബില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി ഉയരുകയാണ്. വ്യാഴാഴ്ച, 90,928 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 200 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്നനിരക്കാണ് ഇത്.