
കീവ്: യുക്രെയ്‌നില്‍ റഷ്യ ആക്രമണം തുടങ്ങിയ സാഹചര്യത്തില്‍ യാത്രാവിമാനങ്ങള്‍ പറക്കുന്നതിനു യുക്രെയ്ന്‍ നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. ഇതോടെ എയര്‍ ഇന്ത്യ വിമാനം യുക്രെയ്‌നില്‍ ഇറങ്ങാതെ മടങ്ങുകയും ചെയ്തു. വ്യോമപാതയിലെ അപകട സാധ്യത മുന്നില്‍ കണ്ടാണു നീക്കമെന്ന് യുക്രെയ്ന്‍ പുറത്തിറക്കിയ ‘നോട്ടിസ് ടു എയര്‍ മിഷന്‍സില്‍’ (നോട്ടം)പറഞ്ഞു.
രാവിലെ 7.30 ഓടെയാണ് യാത്രാ വിമാനങ്ങള്‍ക്കു യുക്രെയ്ന്‍ വിലക്കേര്‍പ്പെടുത്തിയത്. നോട്ടിസ് ടു എയര്‍ മിഷന്‍സ് ഇറക്കി മിനിറ്റുകള്‍ക്കു ശേഷമാണ് എയര്‍ ഇന്ത്യയുടെ വിമാനം യുക്രെയ്‌നിലേക്കു പുറപ്പെട്ടത്. കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വിമാനം നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യുക്രെയ്‌നില്‍ ഇറങ്ങിയില്ല.
വിമാന പൈലറ്റുമാര്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായി ഇറക്കുന്ന നോട്ടിസാണ് ‘നോട്ടം- NOTAM. ഏതെങ്കിലുമൊരു വ്യോമമേഖലയിലെ സാഹചര്യം അറിയിക്കുന്നതിനാണിത്. റഷ്യന്‍ സേന യുക്രെയ്‌നിലേക്ക് ആക്രമണം തുടങ്ങിയ സാഹചര്യത്തിലാണ് യുക്രെയ്ന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. യുദ്ധം തുടങ്ങുമെന്ന ആശങ്ക നേരത്തേയുണ്ടായിരുന്നെങ്കിലും യുക്രെയ്ന്‍ യാത്രാവിമാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല.
ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ മൂന്ന് സര്‍വീസുകളാണു യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്കുണ്ടായിരുന്നത്. അതില്‍ രണ്ടാമത്തെ വിമാനമായിരുന്നു ഇന്ന് സര്‍വീസ് നടത്താനിരുന്നത്. വിമാനങ്ങളുടെ യാത്ര നിരീക്ഷിക്കുന്ന പോര്‍ട്ടല്‍ ഫ്‌ലൈറ്റ്‌റഡാര്‍24 നല്‍കുന്ന വിവരങ്ങള്‍ പ്രകാരം വ്യാഴാഴ്ച രാവിലെ 9.50ന് കീവിലെ ബോറിസ്പില്‍ വിമാനത്താവളം ലക്ഷ്യമാക്കി പറന്നത് എയര്‍ ഇന്ത്യയുടേതടക്കം മൂന്ന് വിമാനങ്ങള്‍ മാത്രമായിരുന്നു.
യുക്രെയ്‌നില്‍നിന്നുള്ള മറ്റൊരു യാത്രാവിമാനം വഴി തിരിച്ചുവിട്ടു. നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ച നടത്താാനിരുന്ന എയര്‍ ഇന്ത്യയുടെ മൂന്നാമത്തെ സര്‍വീസ് റദ്ദാക്കേണ്ടിവരും. യുക്രെയ്‌നിലെ വിമാന നിയന്ത്രണം നിലവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30വരെയാണ്. പക്ഷേ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇതു നീട്ടും.