ന്യൂഡല്‍ഹി: കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025 ന് അകം സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും പരസ്പരം പഴിചാരുന്നതിനിടെയാണ്, രാജ്യസഭയില്‍ ജെബി മേത്തറെ വ്യോമയാന സഹമന്ത്രി വി.കെ.സിങ് ഇക്കാര്യം അറിയിച്ചത്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള 25 വിമാനത്താവളങ്ങളാണ് 2022- 25 കാലയളവില്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഭുവനേശ്വര്‍, വാരാണസി, അമൃത്സര്‍, തിരുച്ചിറപ്പള്ളി, ഇന്‍ഡോര്‍, റായ്പുര്‍, കോയമ്പത്തൂര്‍, നാഗ്പുര്‍, പട്‌ന, മധുര, സൂററ്റ്, റാഞ്ചി, ജോധ്പുര്‍, ചെന്നൈ, വിജയവാഡ, വഡോദര, ഭോപാല്‍, തിരുപ്പതി, ഹുബ്ലി, ഇംഫാല്‍, അഗര്‍ത്തല, ഉദയ്പുര്‍, ഡെറാഡൂണ്‍, രാജമുന്ദ്രി എന്നിവയും പട്ടികയിലുണ്ട്. ചിലതിന്റെ സ്വകാര്യവല്‍ക്കരണ നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്.
3 വര്‍ഷം മുന്‍പ് വിമാനാപകടം ഉണ്ടായതിനു ശേഷം കോഴിക്കോടു വിമാനത്താവളത്തിലേക്കുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ സമ്മേളനത്തിലും പറഞ്ഞിരുന്നു.
സ്വകാര്യവല്‍ക്കരണം ലക്ഷ്യമാക്കിയാണു ഇവിടെ വികസന പദ്ധതികള്‍ നടപ്പാക്കാത്തതെന്നു നേരത്തേ തന്നെ വിവിധ സംഘടനകള്‍ ആരോപണമുന്നയിച്ചിരുന്നു. വ്യോമയാന വിദഗ്ധരുടെയും കോഴിക്കോടു നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെയും സഹായത്തോടെ തയാറാക്കിയ ചെലവു കുറഞ്ഞ ബദല്‍ പ്ലാന്‍ എം.കെ.രാഘവന്‍ എംപി 2 വര്‍ഷം മുന്‍പ് എയര്‍പോര്‍ട്ട് അതോറിറ്റിക്കു നല്‍കിയിരുന്നു.