സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞു

0 second read
0
0

തിരുവനന്തപുരം: സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞു. എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കല്‍ ഭിത്തിയിലാണ് ഇരുചക്രവാഹനത്തില്‍ എത്തിയ ആള്‍ സ്‌ഫോടകവസ്തു എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നതു പ്രകാരം വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സ്‌ഫോടനമുണ്ടായത്. എകെജി സെന്റര്‍ ആക്രമണത്തിനു പിന്നാലെ തലസ്ഥാനത്തും ആലപ്പുഴ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.

ബോംബാക്രമണമാണ് ഉണ്ടായതെന്നും ബോധപൂര്‍വമുള്ള കലാപശ്രമമാണിതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു. എകെജി സെന്ററിനു സമീപം വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി. തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളില്‍ പൊലീസ് പരിശോധന ശക്തമാക്കി. സ്‌ഫോടനത്തിനു തൊട്ടുപിന്നാലെ മന്ത്രി ആന്റണി രാജു, സിപിഎം പിബി അംഗം എ.വിജയരാഘവന്‍, പി.കെ. ശ്രീമതി തുടങ്ങിയവര്‍ എകെജി സെന്ററിലെത്തി. ബോധപൂര്‍വമുള്ള പ്രകോപനശ്രമമാണ് ഉണ്ടായതെന്ന് എ.വിജയരാഘവന്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പ്രകടനം നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനു പ്രവര്‍ത്തകര്‍ എകെജി സെന്ററിനു സമീപത്തേക്കെത്തിയ ശേഷം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് പ്രകടനം നടത്തുകയായിരുന്നു. പ്രതിഷേധപ്രകടനങ്ങള്‍ മാത്രമേ നടത്താവൂ എന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആവശ്യപ്പെട്ടു. ക്രമസമാധാന നില തകരാറിലാക്കി സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ കലാപഭൂമിയാക്കാനുളള ശ്രമമാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം. പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രത്തില്‍ വീഴരുത്. സമാധാനപരമായി പ്രതിഷേധിക്കണമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…