വാഷിങ്ടണ്‍: റഷ്യ ഏതുനിമിഷവും യുക്രൈന് ആക്രമിച്ചേക്കുമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. വിമാനത്തിലൂടെ ബോംബ് വര്‍ഷിച്ചാകും ആക്രമണമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്കി. അതിനിടെ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന് ശനിയാഴ്ച 50 മിനിറ്റ് ഫോണില്‍ സംസാരിച്ചു.
യുക്രൈന് അതിര്‍ത്തികളില്‍ റഷ്യ ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ടെങ്കിലും അധിനിവേശം സംബന്ധിച്ച ആരോപണങ്ങള്‍ തുടക്കംമുതല്‍ തള്ളുകയാണ് മോസ്കോ. അതേസമയം, യുക്രൈനില്‍നിന്ന് പ്രകോപനമുണ്ടായേക്കാമെന്നത് മുന്‍നിര്‍ത്തി യുക്രൈന് തലസ്ഥാനമായ കീവിലെ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ചതായും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കന്‍ പൗരന്മാരോട് എത്രയുംപെട്ടെന്ന് യുക്രൈന് വിടാന്‍ ജോ ബൈഡന് ആവശ്യപ്പെട്ടു. കീവില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ഞായറാഴ്ചയോടെ നിര്‍ത്താന്‍ യു.എസ്. തീരുമാനിച്ചിട്ടുണ്ട്. കുറച്ച് പ്രതിനിധികള്‍മാത്രം രാജ്യത്ത് തങ്ങിയാല്‍മതിയെന്നാണ് യു.എസ്. തീരുമാനമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവന് പറഞ്ഞു.
ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ജര്‍മനി, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുക്രൈന് വിടാന്‍ നിര്‍ദേശിച്ചു. അധിനിവേശവുമായി മുന്നോട്ടുപോയാല്‍ റഷ്യയ്ക്കുമേല്‍ സാമ്പത്തിക ഉപരോധം കൊണ്ടുവരുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.