ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിന് ബ്രസീലില്‍ സേവനമാരംഭിക്കാനുള്ള ലൈസന്‍സ് ലഭിച്ചു. ബ്രസീലിലെ നാഷണല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ഏജന്‍സി (Anatel) യാണ് സ്റ്റാര്‍ലിങ്കിന് രാജ്യത്തേക്ക് പ്രവേശനം നല്‍കിക്കൊണ്ട് അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധ സേവന ദാതാക്കളുടെ സഹായത്തോടെ ബ്രസീലുകാര്‍ക്ക് സ്റ്റാര്‍ലിങ്കിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.
ഏറെ നാളുകളായി ഇന്ത്യയിലും സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ്. കമ്പനി രജിസ്റ്റര്‍ ചെയ്തെങ്കിലും സേവനം ആരംഭിക്കാനുള്ള ലൈസന്‍സ് ഇന്ത്യന്‍ അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല. അതിനിടെ സ്റ്റാര്‍ലിങ്ക് ഇന്ത്യയ്ക്ക് നേതൃത്വം നല്‍കിയിരുന്ന സഞ്ജയ് ഭാര്‍ഗവ സ്ഥാനം രാജിവെക്കുകയും ചെയ്തു.ലൈസന്‍സ് നേടുന്നതിന് മുമ്പ് തന്നെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആഗ്രഹിക്കുന്നവരില്‍ നിന്ന് കമ്പനി പ്രീ ബുക്കിങ് സ്വീകരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് ഇത് നിര്‍ത്തലാക്കുകയും ലൈസന്‍സ് നേടാതെ ബുക്കിങ് സ്വീകരിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതോടെ കമ്പനിയ്ക്ക് ഇതുവരെയുള്ള ബുക്കിങ് മടക്കി നല്‍കേണ്ടി വന്നു.ഇന്ത്യയില്‍ സേവനം ആരംഭിക്കാന്‍ സങ്കീര്‍ണമായ കടമ്പകള്‍ ഇനിയുമുണ്ടെന്ന് വ്യക്തമാക്കി ഇലോണ്‍ മസ്‌ക് തന്നെ രംഗത്തുവന്നിരുന്നു.