ഉരുള്‍പൊട്ടലുണ്ടായി നാശംവിതച്ച കോട്ടമണ്‍പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

0 second read
0
0

പത്തനംതിട്ട : ശനിയാഴ്ച ഉരുള്‍പൊട്ടലുണ്ടായി നാശംവിതച്ച കോട്ടമണ്‍പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായതായി കരുതുന്നത്. കഴിഞ്ഞ ദിവസം മലവെള്ളം ഒഴുകിയെത്തിയ അതേ തോട്ടിലാണ് വീണ്ടും ശക്തമായ വെള്ളപ്പാച്ചിലുണ്ടായത്. വനത്തിനുള്ളിലെവിടെയോ ആണ് ഉരുള്‍പൊട്ടലുണ്ടായതായി കരുതപ്പെടുന്നത്. സന്ധ്യവരെ സാധാരണനിലയില്‍ ഒഴുകിയിരുന്ന അടിയാന്‍കാല തോട്ടില്‍ ഏഴുമണിയോടെ വലിയ ശബ്ദത്തില്‍ കല്ലും വെള്ളവുമെല്ലാം ഒഴുകിയെത്തുകയാണുണ്ടായത്. എന്നാല്‍ വലിയ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് ലഭ്യമായ വിവരം.

രാത്രി വൈകിയതിനാല്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ അതേ നിലയിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. ഈ വഴിയുള്ള തോട് കരകവിഞ്ഞ് സമീപ സ്ഥലങ്ങളിലെ കൃഷിയിടങ്ങളിലൂടെയെല്ലാം വെള്ളം ഒഴുകി മറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് കക്കാട്ടാറിലും ജലനിരപ്പ് കൂടി,

ശനിയാഴ്ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാര്‍ ഒലിച്ചുപോയ ലക്ഷ്മി ഭവനില്‍ സഞ്ജയന്റെ വീട്ടുപടിക്കില്‍ വീണ്ടും വെള്ളംകയറി. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ജീപ്പ് നാട്ടുകാര്‍ വലിയ വടം കെട്ടി ഉറപ്പിച്ചതിനാലാണ് ഒഴുക്കില്‍പ്പെടാതെ പോയത്. ശനിയാഴ്ച ഈ ജീപ്പിനൊപ്പമുണ്ടായിരുന്ന കാറാണ് ഒഴുക്കില്‍പ്പെട്ട് പോയത്. അന്ന് ജീപ്പിന് മുകളിലൂടെ വെള്ളം ഒഴുകി മറിഞ്ഞെങ്കിലും ജീപ്പ് ഒഴുകിപ്പോയില്ല. ശനിയാഴ്ചത്തെ മലവെള്ളപ്പാച്ചില്‍ ജീപ്പിന് കേടുപാട് സംഭവിച്ചിരുന്നു. ഒഴുക്കില്‍പ്പെട്ട കാര്‍ ഇനിയും കണ്ടെത്തിയിട്ടില്ല. രാത്രി വീണ്ടും ഉരുള്‍പൊട്ടലുണ്ടായതായി വിവരം ലഭിച്ചതോടെ സമീപ പ്രദേശങ്ങളില്‍നിന്നെല്ലാം ആളുകള്‍ ഇവിടെ തടിച്ചുകൂടിയിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാര്‍ ജീപ്പ് ഒഴുക്കില്‍ പ്പെടാതെ സംരക്ഷിക്കുകയായിരുന്നു.

രാജാമ്പാറ വനമേഖലയുടെ മറുവശമാണ് കോട്ടമണ്‍പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം. തിങ്കളാഴ്ച രാത്രി വനമേഖലയില്‍ എവിടെയോ വീണ്ടും ഉരുള്‍പൊട്ടലുണ്ടായതാണ് മലവെള്ളം ഒഴുകിയെത്താനിടയാക്കിയത്. വെള്ളത്തിനൊപ്പം വലിയ പാറക്കല്ലുകള്‍കൂടി ഉള്ളതിനാല്‍ സ്ഥലത്തേക്ക് കടന്നുചെല്ലാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് മുതല്‍ ഈ പ്രദേശത്ത് മഴ ശക്തമായിരുന്നു.

ഉരുള്‍പൊട്ടലുണ്ടായതായി കരുതുന്ന കോട്ടമണ്‍പാറ പ്രദേശം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലവും കാര്‍ഷിക മേഖലയുമാണ്. രാത്രി വൈകിയും തോട്ടില്‍ ശക്തമായ ഒഴുക്ക് തുടരുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…