കൊല്ലം: തന്നെയും വയറ്റില്‍ കിടക്കുന്ന കുഞ്ഞിനെയും മറന്നു പോയ ദുഷ്യന്തനെതിരേ ശകുന്തള പീഡനക്കേസില്‍ പരാതി നല്‍കി! മഹാഭാരത കഥ പൊളിച്ചെഴുതിയിരിക്കുന്നത് ഹയര്‍ സെക്കന്‍ഡറി മലയാളം പരീക്ഷയുടെ പേപ്പറിലാണ്. തനിക്ക് തോന്നിയതും മനസില്‍ വന്നതുമൊക്കെ ചേര്‍ത്ത് ശാകുന്തളത്തിന് സിനിമാ ഭാഷ്യം രചിച്ച വിദ്യാര്‍ഥിക്ക് അക്ഷരവും അറിയില്ലെന്ന് പേപ്പര്‍ നോക്കിയ അധ്യാപകര്‍.
ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷയില്‍ ശകുന്തളയുടെ ന്യായവാദങ്ങളുടെ ഭാഗമായി കടന്നുവരുന്ന ലോകോക്തികളുടെ സമകാലിക പ്രസക്തി വിലയിരുത്തുന്ന കുറിപ്പ് തയ്യാറാക്കുക എന്ന ചോദ്യത്തിന് ഒരു വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമാണ് അതിന് ഉദാഹരണമായി ഒരു അദ്ധ്യാപിക ചൂണ്ടിക്കാണിക്കുന്നത്. ഉത്തരകടലാസിലെ സിനിമാ കഥയേക്കാള്‍ അദ്ധ്യാപികയെ വേദനിപ്പിച്ചത് 12 വര്‍ഷത്തെ വിദ്യാലയപഠനം പൂര്‍ത്തിയാക്കിയ കുട്ടിയ്ക്ക് മലയാളം അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ കഴിയുന്നില്ല എന്നതിനാണ്.
‘ദുഷ്യന്തന്‍ വനവാസത്തിനായി കാട്ടില്‍ പോയപ്പോള്‍ ശകുന്തളയെ കണ്ടു. അവര്‍ തമ്മില്‍ ഇഷ്ടത്തില്ലയി (ഇഷ്ടത്തിലായി), അവര്‍ പരസ്പരം കല്യാണം കഴിച്ചും ഒരു മോതിരം ദുഷ്യന്തന്‍ ശകുന്തളയ്ക്ക് അണിയിച്ചും കേടുത്തു (കൊടുത്തു)., ഇതറിഞ്ഞ ദുര്‍വസഭി (ദുര്‍വാസാവ്) ദുഷ്യന്തന്‍െ (ദുഷ്യന്തനെ) ശഭിക്കുന്നു (ശപിക്കുന്നു). ദുഷ്യന്തന്‍ അത്യത്തെ (ആദ്യത്തെ) ഒര്‍മ്മകള്‍ (ഓര്‍മകള്‍), എല്ലാം നഷ്ടപെടുന്നു. (നഷ്ടപ്പെടുന്നു). അപ്പോള്‍ അണ് (ആണ്) അ (ആ) ന്തെട്ടിക്കുന്ന (ഞെട്ടിക്കുന്ന) സത്യം വര്‍ത്ത ( വാര്‍ത്ത) അറിഞ്ഞത്. ശകുന്തള ഗര്‍ഭിണി അയിരുന്നു (ആയിരുന്നു).
ഇതറിഞ്ഞ ശകുന്തള ദുഷ്യന്തനെ തേടി പോയത്ത് (പോയത്). പക്ഷേ ദുഷ്യന്തന് ഇവരെ ഒര്‍മ്മ (ഓര്‍മ) ഉണ്ടയിലെ (ഉണ്ടായില്ല). ശകുന്തള നേരെ പോലീസ് സെറ്റെഷണില്‍ (സ്റ്റേഷനില്‍) പോയി പരത്തി (പരാതി) കോടുത്തു (കൊടുത്തു). പക്ഷേ പൊലീസിനു തെളിവ് വേണമയിരുന്നു (വേണമായിരുന്നു). ഡിഎന്‍എ ടെസ്റ്റ് എടുക്കാന്‍ ശകുന്തള ഹേസ്പിറ്റവി (ഹോസ്പിറ്റലില്‍) പേയി (പോയി). ഇങ്ങനെയാണ് വിദ്യാര്‍ത്ഥിയുടെ ഉത്തരം. മറ്റൊരു ചോദ്യത്തിന് കെജിഎഫ് കഥയും എഴുതിയിട്ടുണ്ട്. തെറ്റില്ലാതെ ഒരു വരി പോലും എഴുതാന്‍ കഴിയാത്ത ഒട്ടേറെ കുട്ടികള്‍ ഉണ്ടെന്നാണ് ഉത്തരക്കടലാസുകളില്‍ നിന്നു മനസ്സിലാകുന്നതെന്നു മൂല്യനിര്‍ണയം നടത്തുന്ന അദ്ധ്യാപകര്‍ പറയുന്നു.