തിരുവനന്തപുരം ‘ജനിച്ചപ്പോള്‍ അവനെ കണ്ടൊരു ഓര്‍മ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇനിയൊന്നു കാണാനെങ്കിലും കഴിയുമോ എന്ന ഭയമായിരുന്നു ഇതുവരെ. ഒരു വര്‍ഷത്തിനു ശേഷം അവനെ കണ്ടപ്പോള്‍ സങ്കടം അടക്കാനായില്ല. ഞാന്‍ കുഞ്ഞായിരുന്നപ്പോഴുള്ള ഒരു ഫോട്ടോയുണ്ട്. അന്നത്തെ എന്റെ രൂപത്തിന്റെ പകര്‍പ്പു തന്നെയാണു മോന്‍. എല്ലാവരും അതു തന്നെ പറഞ്ഞു’- കോളിളക്കം സൃഷ്ടിച്ച ദത്തുവിവാദത്തിനൊടുവില്‍ സ്വന്തം കുഞ്ഞിനെ കണ്ട അനുഭവം പറയുമ്പോള്‍ അനുപമ സന്തോഷം കൊണ്ടു വിതുമ്പുകയായിരുന്നു.
‘നിര്‍മല ശിശുഭവനിലെ മുറിയിലേക്കു ഞങ്ങള്‍ ചെന്നപ്പോള്‍ ആയയാണ് അവനെ എടുത്തുകൊണ്ടു വന്നത്. ഉറക്കം വന്നിരിക്കുകയായിരുന്നു. മുഖം കഴുകിയാണു കൊണ്ടുവന്നത്. ക്ഷീണമൊന്നുമില്ല, നന്നായിരിക്കുന്നു. പക്ഷേ ഉറക്കം വരുന്നതിന്റെ കരച്ചിലിലായിരുന്നു. അല്ലാത്തപ്പോള്‍ നല്ല സന്തോഷത്തിലാണെന്നും നിര്‍ബന്ധമൊന്നുമില്ലെന്നും എല്ലാവരോടും വേഗം ഇണങ്ങിയെന്നും സിസ്റ്റര്‍മാരും ആയമാരും പറഞ്ഞു. ഞാനും അജിത്തേട്ടനും എടുത്തപ്പോഴും കരച്ചില്‍ തന്നെയായിരുന്നു. അമ്മയാണെന്നൊക്കെ പറഞ്ഞപ്പോള്‍ മുഖത്തു നോക്കി. അജിത്തേട്ടന്‍ മോനെ ആദ്യമായി കാണുകയായിരുന്നു. ഒരാള്‍ എടുക്കുമ്പോള്‍ കരഞ്ഞുകൊണ്ട് അടുത്ത ആളുടെ നേര്‍ക്കു കൈ നീട്ടും. അവിടൊരു മുയലിന്റെ പാവയുണ്ട്. അതെടുത്ത് തലയില്‍ മുട്ടിച്ചു കളിക്കുന്നത് അവനിഷ്ടമാണെന്നു സിസ്റ്റര്‍ പറഞ്ഞു. ഞാന്‍ അതുപോലെ ചെയ്തപ്പോള്‍ കരച്ചില്‍ നിര്‍ത്തി അല്‍പനേരം നോക്കിയിരുന്നു. പിന്നെ വീണ്ടും കരച്ചിലായി. പിന്നീടു പെട്ടെന്ന് ഉറക്കത്തിലാവുകയും ചെയ്തു. അപ്പോഴാണു തിരികെ പോന്നത്. വിട്ടുപോരാന്‍ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല. വേറെ നിവൃത്തിയില്ലല്ലോ. കണ്ണീരോടെയേ അവിടെ നിന്നിറങ്ങാനായുള്ളൂ. എത്രയും വേഗം അവനെ ഞങ്ങള്‍ക്കു കിട്ടുമെന്നാണു പ്രതീക്ഷ’- അനുപമ പറഞ്ഞു.
തൈക്കാട് ശിശുക്ഷേമ സമിതിക്കു മുന്നിലെ സത്യഗ്രഹ പന്തലില്‍ അനുപമയും ഒപ്പമുള്ളവരും ഇന്നലെ രാവിലെ മുതല്‍ ഡിഎന്‍എ പരിശോധനാ ഫലത്തിന്റെ ആകാംക്ഷയിലായിരുന്നു. ഒന്നരയോടെയാണു പരിശോധന ഫലം പോസിറ്റീവാണെന്ന സൂചന ലഭിക്കുന്നത്. മൂന്നോടെ പരിശോധന റിപ്പോര്‍ട്ട് സിഡബ്ല്യുസിക്കു കൈമാറിയ വാര്‍ത്ത പുറത്തു വന്നു. അടുത്ത കടയില്‍നിന്നു വാങ്ങിയ മിഠായി നിറചിരിയോടെ അനുപമ അജിത്തിനും ഒപ്പമുള്ളവര്‍ക്കും വിതരണം ചെയ്തു. നിയമസഭയില്‍ അനുപമയ്ക്കു നീതി കിട്ടണമെന്നു വാദിച്ച കെ.കെ.രമ എംഎല്‍എയും സന്തോഷം പങ്കിടാനെത്തി.