ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ അണ്വായുധ യുദ്ധം നടത്തുമെന്ന ഭീഷണിയുമായി പാക്കിസ്ഥാനിലെ രാഷ്ട്രീയനേതാവ്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവായ ഷാസിയ മാരിയാണ് ഭീഷണിയുയര്‍ത്തിയത്. പാക്ക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയതിനെ ഇന്ത്യ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ഷാസിയ മാരിയുടെ ഭീഷണി.
”പാക്കിസ്ഥാനും ആറ്റം ബോംബ് ഉണ്ടെന്ന് ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവ നിലപാടെന്നത് നിശബ്ദത പാലിക്കാനുള്ളതല്ല. ആവശ്യം വന്നാല്‍ അത് ഉപയോഗിക്കുന്നതില്‍നിന്നു പിന്നാക്കം പോകില്ല” – മാരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാനെ ഭീകരതയുടെ പ്രഭവകേന്ദ്രം എന്ന് യുഎന്നില്‍ വച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വിശേഷിപ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഭൂട്ടോ യുഎന്നില്‍ വച്ച് ”ഉസാമ ബിന്‍ലാദന്‍ മരിച്ചു. എന്നാല്‍ ഗുജറാത്തിലെ കശാപ്പുകാരന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്” എന്ന പരാമര്‍ശം നടത്തിയത്. ഭൂട്ടോയുടേത് ‘സംസ്‌കാരശൂന്യമായ പൊട്ടിത്തെറി’യാണെന്നും ഭീകരരെ ഉപയോഗിക്കാനുള്ള പാക്കിസ്ഥാന്റെ കഴിവില്ലായ്മയാണ് പുറത്തുവരുന്നതെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു.