കീവ്: യുക്രൈനിലെ സപോര്‍ഷിയ ആണവ നിലയത്തിന് നേര്‍ക്ക് റഷ്യന്‍ ആക്രമണം. ഇതേ തുടര്‍ന്ന് ആണവ നിലയത്തില്‍ തീപ്പിടിത്തമുണ്ടായതായി അധികൃതര്‍ അറിയിച്ചു. റഷ്യന്‍ സൈന്യത്തിന്റെ വെടിവെപ്പ് തുടരുന്നതിനാല്‍ അഗ്‌നിശമന സേനയ്ക്ക് തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് യുക്രൈന്‍ അധികൃതര്‍ പറയുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണിത്.
റഷ്യന്‍ സേന എല്ലാ ഭാഗത്ത് നിന്നും വെടിയുതിര്‍ക്കുകയാണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ‘ആണവനിലയം പൊട്ടിത്തെറിച്ചാല്‍, ചെര്‍ണോബിലിനേക്കാള്‍ പത്ത് മടങ്ങ് വലുതായിരിക്കും’ യുക്രൈന്‍ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. 36 വര്‍ഷം മുമ്പുണ്ടായ ചെര്‍ണോബില്‍ ആണവ ദുരന്തത്തെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.റഷ്യ അടിയന്തരമായി വെടിവെപ്പ് നിര്‍ത്തിവെക്കണം. അഗ്‌നിശമനസേനയെ തീ അണയ്ക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.