പത്തനംതിട്ട: അമിതഭാരം കയറ്റി വന്ന മിനിലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഓട്ടോയില്‍ ഒപ്പമുണ്ടായിരുന്നയാള്‍ക്കും ലോറിയുടെ ക്ലീനര്‍ക്കും പരുക്കേറ്റു. ഓട്ടോഡ്രൈവര്‍ ഉതിമൂട് മാമ്പാറ വീട്ടില്‍ ഷൈജു (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉതിമൂട് കോഴിക്കോട്ട് വീട്ടില്‍ രാജേഷ് (40), മറിഞ്ഞ തടിലോറിയിലുണ്ടായിരുന്ന കുമ്പഴ തറയില്‍ ജയന്‍ (35) എന്നിവര്‍ക്കാണ് പരുക്ക്.
മൈലപ്ര-മേക്കോഴൂര്‍ റോഡില്‍ പുതുവേലിപ്പടിയില്‍ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. മൈലപ്രയില്‍ നിന്ന് മേക്കോഴൂരിലേക്ക് വരികയായിരുന്ന ഓട്ടോയുടെ മുകളിലേക്ക് പുതുവേലിപ്പടിയില്‍ വച്ച് സമീപത്തെ റോഡില്‍ നിന്നും തടിയുമായി ഇറങ്ങി വന്ന മിനിലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഓട്ടോറിക്ഷ കണ്ട് ബ്രേക്ക് ചെയ്തപ്പോള്‍ കനത്ത മഴയില്‍ ലോറിയുടെ ടയര്‍ തെന്നി ഒരു വശത്തേക്ക് ചരിയുകയായിരുന്നു. സമീപത്തെ മതിലിനും ലോറിക്കും ഇടയില്‍ ഓട്ടോറിക്ഷ ഞെരിഞ്ഞമര്‍ന്നു. നാട്ടുകാരും വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സും പോലീസും ഉടന്‍ സ്ഥലത്ത് വന്നെങ്കിലും കനത്ത മഴയും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. രണ്ടു ക്രെയിനുകള്‍ കൊണ്ടു വന്ന് നോക്കിയിട്ടും തടിലോറി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ തടി മാറ്റിയാണ് കുടുങ്ങി കിടന്നവരെ പുറത്തെടുത്തത്.
രണ്ടു ക്രെയിന്‍ ഉപയോഗിച്ച് ശ്രമിച്ചിട്ടും ലോറി പൊങ്ങാതിരുന്നതാണ് അമിതഭാരം സംശയിക്കാന്‍ കാരണമായത്. തടികള്‍ക്കിടയില്‍ ചതഞ്ഞാണ് ഷൈജു മരിച്ചത്. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ശ്രമിച്ചതിന്റെ ഫലമായി രാത്രി എട്ടരയോടെയാണ് ഓട്ടോയിലും ലോറിയിലുമായി കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഷൈജു മരിച്ചു. പരുക്കേറ്റവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.