കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നു യുഎസ് പിന്മാറുന്നതിനിടെ സൈനികന് കൈമാറിയ ശേഷം കാണാതായ കുട്ടിയെ കണ്ടെത്തി. കാബൂളിലെ ബന്ധുക്കള്‍ക്ക് കുട്ടിയെ ശനിയാഴ്ചയാണു തിരിച്ചുകിട്ടിയത്. അഫ്ഗാനില്‍ താലിബാന് ഭരണം പിടിച്ചതോടെ ആയിരക്കണക്കിനാളുകളാണ് പലായനം ചെയ്തത്. ഓഗസ്റ്റ് 19നാണ് രണ്ടുമാസം മാത്രം പ്രായമുള്ള സൊഹൈല്‍ അഹമ്മദിനെ കാബൂള്‍ വിമാനത്താവളത്തിലെ സൈനികന് മതിലിനിപ്പുറത്തുനിന്നു കൈമാറിയത്. പിന്നീട് കുട്ടിയെ കാണാതാകുകയായിരുന്നു.
ഹാമിദ് സാഫി (29) എന്ന ടാക്സി ഡ്രൈവറായിരുന്നു കുട്ടിയെ സംരക്ഷിച്ചത്. കുട്ടിയുടെ പിതാവ് മിര്‍സ അലി അഹ്മദി യുഎസ് എംബസിയിലെ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. അഫ്ഗാനില്‍നിന്നു രക്ഷപ്പെടാനായാണ് കുടുംബത്തിനൊപ്പം വിമാനത്താവളത്തില്‍ എത്തിയത്. തിക്കിലുംതിരക്കിലുംപെട്ട് കുഞ്ഞിന് അപകടം സംഭവിക്കുമെന്ന് ഭയന്നതോടെയാണ് കുട്ടിയെ മതിലിനപ്പുറമുള്ള സൈനികന് കൈമാറിയതെന്ന് അഹ്മദി പറഞ്ഞു.
വിമാനത്താവളത്തിനുള്ളില്‍ കയറിയ ശേഷം കുട്ടിയെ സൈനികനില്‍നിന്നു തിരികെ വാങ്ങാമെന്നായിരുന്നു കരുതിയതെന്ന് മിര്‍സ അലി പറഞ്ഞു. എന്നാല്‍ താലിബാന് സൈന്യം ജനക്കൂട്ടത്തെ തള്ളിമാറ്റി. ഇതോടെ ഏറെ നേരം കഴിഞ്ഞാണ് അഹ്മദിക്കും ഭാര്യയ്ക്കും മറ്റു നാല് കുട്ടികള്‍ക്കും വിമാനത്താവളത്തില്‍ കയറാന്‍ സാധിച്ചത്. വിമാനത്താവളത്തില്‍ മുഴുവന്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ കുട്ടിയെ ഉപേക്ഷിച്ച് രാജ്യം വിടാന്‍ നിര്‍ബന്ധിതരായി.