കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ദുബായില്‍ മടങ്ങിയെത്തിയെന്ന് പൊലീസ്. നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. ഇതിനായി കോണ്‍സലേറ്റുമായി ബന്ധപ്പെട്ടു. ആദ്യം ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു കേന്ദ്ര വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനു പിന്നാലെ പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ജോര്‍ജിയയിലേക്ക് കടന്നിരുന്നു.
പൊലീസ് സംഘം ജോര്‍ജിയയിലേക്ക് പോകുന്നത് പരിഗണിക്കുന്നതിനിടെയാണ് വിജയ് ബാബു ദുബായില്‍ മടങ്ങിയെത്തിയത്. ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസി മുഖേന അവിടുത്തെ വിമാനത്താവളങ്ങള്‍ക്കും അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ക്കും പൊലീസ് വിവരങ്ങള്‍ കൈമാറിയിരുന്നു.
ബിസിനസ് ടൂറിലാണെന്നും ചൊവ്വാഴ്ചയെ തിരിച്ചെത്തുകയുള്ളുവെന്നുമാണ് വിജയ് ബാബു പാസ്‌പോര്‍ട്ട് ഓഫിസറെ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയും വിജയ് ബാബു ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുമെന്നും എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു.
ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ. ഈ സാഹചര്യത്തിലാണ് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ പൊലീസ് ഉദ്ദേശിച്ചത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.