ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: ഇരുപതോളും പേര്‍ ചികില്‍സയില്‍: ബേക്കറി പൂട്ടി സീല്‍വച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

0 second read
0
0

പത്തനംതിട്ട: ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചവര്‍ക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധ. ഇരുപതോളം പേര്‍ ഇതുവരെ ചികില്‍സ തേടി. കൂടുതല്‍ പേര്‍ ആശുപത്രികളിലേക്ക് എത്തുന്നു. ആരുടെയും നില ഗുരുതരമല്ലെങ്കിലും കുട്ടികള്‍ അടക്കം അവശനിലയിലാണ്. ഭക്ഷ്യസുരക്ഷ ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി ബേക്കറിയില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. ബേക്കറി അടച്ചു പൂട്ടുകയും ചെയ്തു.

ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലുള്ള മെഴുവേലി പഞ്ചായത്തില്‍ ഇലവുംതിട്ട ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ദീപ ബേക്ക് ഹൗസ് ആന്‍ഡ് ബേക്കറിയില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറിളക്കവും പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടത്. നിലവില്‍ ചികില്‍സ തേടിയവരുടെ കണക്ക് 15 ആണെങ്കിലും സ്വകാര്യാശുപത്രികളില്‍ കൂടുതല്‍ പേര്‍ ചികില്‍സ തേടിയതായും പറയുന്നു.

ആറ്, ഏഴ് തീയതികളില്‍ ഇവിടെ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ വാങ്ങിക്കഴിച്ച മെഴുവേലി, ചെന്നീര്‍ക്കര പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് ചികില്‍സ തേടിയത്. 13 പേര്‍ ചെന്നീര്‍ക്കര പഞ്ചായത്ത് നല്ലാനിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയില്‍ കഴിയുന്നു. രണ്ടു പേര്‍ ഇന്നലെ വൈകിട്ട് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. ചെന്നീര്‍ക്കര പഞ്ചായത്തില്‍ നിന്ന് പന്ത്രണ്ടും മെഴുവേലി പഞ്ചായത്തില്‍ നിന്ന് മൂന്നു പേരുമാണ് ഇതു വരെ ചികില്‍സ തേടിയിരിക്കുന്നത്.

ചെന്നീര്‍ക്കര രണ്ടാം വാര്‍ഡില്‍ ആത്രപ്പാട് സ്വദേശി അച്ചു ആനന്ദ് (23), ശിവന്യ (എട്ട്), ശ്രേയ (എട്ട്), ശ്രുതി (18), കുളത്തുമണ്ണില്‍ അശ്വിന്‍ ബിനോജ് (14), ശ്യാംകുമാര്‍ (38), വിനോദ് ജോണ്‍ (47), ശിവാനി (ഒമ്പത്), സൗമ്യ ഭവനില്‍ ധന്യ (32), മിഥുന്യ (അഞ്ച്), മന്യ(12), ഊന്നുകല്‍ കിഴക്കേച്ചരുവില്‍ ഉഷ (65), അശ്വതി (24) എന്നിവരാണ് ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലുള്ളത്. ഊന്നുകല്‍ സ്വദേശികളാ ടീന മറിയം, അനീന മറിയം എന്നിവര്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

കേരളാ ബാങ്ക് ഇലവുംതിട്ട ബ്രാഞ്ച് മാനേജര്‍ ഹണിയും രണ്ട് മക്കളും പന്തളം സി.എം ആശുപത്രിയില്‍ അഡ്മിറ്റാണ്. നെടിയകാലാ സ്വദേശിനിയും ചികില്‍സയിലുണ്ട്.

കഴിഞ്ഞ ആറിന് വൈകിട്ട് ജോലികഴിഞ്ഞ് മടങ്ങുമ്പോഴാണ് അച്ചു ആന്ദന് ബേക്കറിയില്‍ നിന്ന് ഷവായ് ചിക്കന്‍ പാഴ്സല്‍ വാങ്ങിയത്. വീട്ടിലെത്തിയ ഉടന്‍ തന്നെ കുട്ടികളുമൊത്ത് ഇത് കഴിച്ചു. രുചി വ്യത്യാസമൊന്നുമുണ്ടായിരുന്നില്ലെന്ന് അച്ചു പറഞ്ഞു. അടുത്ത ദിവസം മുതല്‍ വീട്ടിലെ മൂന്ന് കുട്ടികള്‍ക്കും തനിക്കും വയറിളക്കവും ഛര്‍ദ്ദിയും ഉള്‍പ്പടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതായി അച്ചു പറഞ്ഞു. സ്ഥിതി കൂടുതല്‍ രൂക്ഷമായതോടെ നല്ലാനിക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നാലു പേരും ചികിത്സ തേടി.

രണ്ടു ദിവസം മുന്‍പ് ഒരേ സ്ഥാപനത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് നല്ലാനിക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: ലിന്‍സ അനില്‍ പറഞ്ഞു. മിക്കവരും ശാരീരികമായി അവശനിലയിലായിരുന്നെങ്കിലും ആരുടേയും നില ഗുരുതരമല്ല. പ്രഥമ ശുശ്രൂഷകള്‍ നല്‍കി എല്ലാവരെയും വീട്ടിലേക്ക് മടക്കി അയച്ചതായും ഡോ: ലിന്‍സ അനില്‍ പറഞ്ഞു. ഗ്രില്‍ഡ് ചിക്കന്‍, ചിക്കന്‍ കട്ലറ്റ്, ഷവായ് ചിക്കന്‍ തുടങ്ങിയ ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.

കുട്ടികള്‍ക്കും മുതിര്‍ന്നവും ഗുരുതരമായ രീതിയില്‍ ഭക്ഷ്യ വിഷബാധ ബാധിച്ചിട്ടുണ്ട്. വയറിളക്കത്തിന് പുറമേ വയര്‍ വേദന, നടുവേദന, തലവേദന, തല ചുറ്റല്‍, പനി എന്നിവയും ഇവര്‍ക്ക് അനുഭവപ്പെടുന്നുണ്ട്.

കൂട്ടത്തോടെ രോഗികള്‍ ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ ആരോഗ്യവകുപ്പും ഫുഡ് ആന്‍ഡ് സേഫ്ടി ഡിപ്പാര്‍ട്ട്മെന്റും ദീപബേക്ക് ഹൗസില്‍ പരിശോധന നടത്തി. ഭക്ഷ്യ സാമ്പിള്‍ ശേഖരിച്ചതിന് ശേഷം ബേക്കറി അടപ്പിച്ചു. ആറന്മുള പഞ്ചായത്തില്‍ കോട്ട സ്വദേശിയാണ് ചിക്കന്‍ ഇവിടെ സപ്ലൈ ചെയ്യുന്നതെന്ന് പറയുന്നു. ഇയാളുടെ ഫോണിലേക്ക് പൊലീസ് അടക്കം വിളിച്ചുവെങ്കിലും എടുത്തില്ല. ചെന്നീര്‍ക്കര, മെഴുവേലി പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് ഭക്ഷ്യവിഷബാധ ഏറ്റവരില്‍ ഏറെയും. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ഗിരീഷിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടി സ്വീകരിച്ച് വരുന്നു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…