കൊല്ലം: കനത്ത സുരക്ഷയിലാണ് സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് പൗരപ്രമുഖരോട് വിശദീകരിക്കുന്ന യോഗം കൊല്ലത്ത് നടന്നത്. പങ്കെടുത്തവരില്‍ ഏറെയും ഇടതുഅനുഭാവികളും സര്‍ക്കാര്‍ സംവിധാനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നവരും ആയിരുന്നു.
ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ കനത്തസുരക്ഷയിലാണ് സി.കേശവന്‍ സ്മാരക ടൗണ്‍ ഹാളിലെ വിശദീകരണ യോഗം നടന്നത്. മന്ത്രിമാരായ കെ.എന്‍. ബാലഗോപാലും ജെ. ചിഞ്ചുറാണിയും പദ്ധതി നടപ്പാക്കേണ്ടതിന്റെ ഉദ്ദേശശുദ്ധി വിശദീകരിച്ചു. കെ റെയില്‍ എംഡി വി. അജിത്കുമാറാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ പങ്കുവച്ചത്. ഒരുമണിക്കൂര്‍ നീണ്ടു നിന്ന അവതരണം കുറച്ചുപേര്‍ മാത്രമാണ് ശ്രദ്ധിച്ചത്. നേതാക്കളും പ്രമുഖരുമെല്ലാം ഉറക്കത്തിലായിരുന്നു.
പദ്ധതിയെ വാനോളം പുകഴ്ത്തിയുളള പ്രതികരണങ്ങള്‍ക്കിടെ ഭൂമി നഷ്ടപ്പെടുന്നയാളുടെ ഒറ്റപ്പെട്ട ചോദ്യം. എന്ന് നഷ്ടപരിഹാരം തരും? ശേഷിക്കുന്ന സ്ഥലം ഏറ്റെടുക്കുമോ? ഒഴുക്കന്‍ മട്ടിലായിരുന്നു കെ.റെയില്‍ എംഡിയുടെ മറുപടി. മുഖ്യമന്ത്രി എല്ലാ വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ.റെയില്‍ എംഡി പറഞ്ഞെങ്കിലും, ആശങ്ക വേണ്ടെന്ന മറുപടിയുമായി ധനമന്ത്രിയുമെത്തി.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കെ റെയിലിനെക്കുറിച്ചു നടത്തുന്ന വിശദീകരണ യോഗങ്ങള്‍ക്ക് 250 പേരെ വരെ പങ്കെടുപ്പിക്കാന്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. സര്‍ക്കാരും കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും ചേര്‍ന്ന് വിവിധ ജില്ലകളില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ള ഇത്തരം യോഗങ്ങള്‍ക്ക് പ്രത്യേക അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദുരന്തനിവാരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എല്ലാ കലക്ടര്‍മാര്‍ക്കും കത്തയച്ചിരുന്നു.
സില്‍വര്‍ ലൈന്‍- അറിയേണ്ടതെല്ലാം’ എന്ന പേരില്‍ 50 ലക്ഷം കൈപ്പുസ്തകം അച്ചടിക്കാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു വഴി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. സര്‍ക്കാര്‍ പ്രസുകളും കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി പോലെയുള്ള സ്ഥാപനങ്ങളും ഉള്ളപ്പോഴാണു പുറത്തുനിന്നു ടെന്‍ഡര്‍ വിളിച്ചത്. 5 കോടിയോളം രൂപ അച്ചടിക്കു മാത്രം ചെലവാകുമെന്നാണു കണക്ക്.