ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി ഒരു ശതമാനമെങ്കിലും വര്‍ധിപ്പിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയില്‍ ഇതടക്കമുള്ള ആവശ്യങ്ങള്‍ കേരള ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉന്നയിച്ചു. കടമെടുപ്പു പരിധി ഉയര്‍ത്താത്തത് അടിസ്ഥാനസൗകര്യ വികസന, ക്ഷേമ പദ്ധതികള്‍ക്ക് തടസ്സമാകുന്നുണ്ടെന്ന് അദ്ദേഹം നല്കിയ കത്തില്‍ പറയുന്നു.
മറ്റ് ആവശ്യങ്ങള്‍
ജൂണിലെ ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനത്തിന് ലഭിക്കാനുള്ള 1,548 കോടി രൂപ ലഭ്യമാക്കുക.
5 വര്‍ഷത്തേക്ക് കൂടി ജിഎസ്ടി നഷ്ടപരിഹാര സംവിധാനം നീട്ടുക.
ഊര്‍ജമേഖലയിലെ മികവിന്റെ അടിസ്ഥാനത്തില്‍ 4,060 കോടി രൂപ കൂടി അധികമായി കടമെടുക്കാന്‍ കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയെങ്കിലും അന്തിമഅനുമതി ലഭ്യമാക്കിയിട്ടില്ല. ഇതില്‍ നടപടി വേണം.
ഏഴാമത് യുജിസി ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കാനുള്ള കുടിശികയായ 750.93 കോടി രൂപ ഉടന്‍ നല്‍കുക.
15-ാം ധനകാര്യ കമ്മിഷന് ശുപാര്‍ശ അനുസരിച്ചുള്ള അര്‍ബന്‍ ലോക്കല്‍ ബോഡി ഗ്രാന്റ് (613 കോടി രൂപ) അനുവദിക്കുക.
മൂലധനനിക്ഷേപത്തിന് പ്രത്യേക സഹായമായി 3224.61 കോടി രൂപ അനുവദിക്കുക.