തിരുവനന്തപുരം:നികുതി, നികുതിയേതര വരുമാനം കാലോചിതമായി വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. എന്നാല്‍, സര്‍ക്കാരിന് ഇക്കാര്യത്തില്‍ വലിയ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചത്തെ സംസ്ഥാനബജറ്റിനു മുന്നോടിയായി പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
മദ്യം, ഇന്ധനം, മോേട്ടാര്‍വാഹനം തുടങ്ങിയ മേഖലകളില്‍ ഇപ്പോള്‍ത്തന്നെ നികുതി കൂടുതലാണ്. എന്നാല്‍, ഭൂമി എന്തിനുപയോഗിക്കുന്നു എന്നതനുസരിച്ച് ന്യായവില കൂട്ടണമെന്ന ശുപാര്‍ശയുണ്ട്. സര്‍ക്കാര്‍സേവനങ്ങള്‍ക്ക് കാലോചിതമായി ഫീസ് വര്‍ധിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ സാമൂഹികസുരക്ഷയും ആഫ്രിക്കന്‍ രാജ്യങ്ങളിലെ നികുതിനിരക്കും എന്ന രീതി തുടരുന്നത് ഇരിക്കുന്ന കൊമ്പുമുറിക്കുന്നതുപോലെയാണ്.
സര്‍ക്കാര്‍സേവനങ്ങള്‍ക്കുള്ള ഫീസ് കൂട്ടുന്നതും ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുന്നതും ബജറ്റില്‍ പ്രഖ്യാപിച്ചേക്കാമെന്ന സൂചനയാണ് മന്ത്രി നല്‍കിയത്.
ജി.എസ്.ടി. നഷ്ടപരിഹാരം കേന്ദ്രം ജൂണില്‍ അവസാനിപ്പിച്ചാല്‍ കേരളത്തിന് 9000 കോടിയോളം നഷ്ടംവരും. നഷ്ടപരിഹാരമോ അല്ലെങ്കില്‍ പകരംസംവിധാനമോ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഈ വരുമാനംകൂടി ഉള്‍പ്പെടുത്തിയാണ് ബജറ്റവതരിപ്പിക്കുന്നത്.നഷ്ടപരിഹാരം തുടര്‍ന്നും അനുവദിക്കണമെന്നാണ് എല്ലാ സംസ്ഥാനങ്ങളുടെയും ആവശ്യം. നഷ്ടപരിഹാരം ഇല്ലാതായാല്‍ ജി.എസ്.ടി. സംവിധാനത്തില്‍നിന്നുതന്നെ പുറത്തുകടക്കണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന സ്ഥിതിയുണ്ടാവാമെന്നും ധനമന്ത്രി പറഞ്ഞു.
സാമ്പത്തികരംഗത്ത് വലിയ പ്രതിസന്ധിയുണ്ട്. എന്നാല്‍, കോവിഡിനുശേഷം പ്രതീക്ഷ നല്‍കുന്ന സൂചനകളുണ്ട്. സാമ്പത്തികരംഗത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഉതകുന്ന പ്രഖ്യാപനങ്ങളാവും ബജറ്റിലുണ്ടാകുക. നികുതി നല്‍കേണ്ടവരെല്ലാം നികുതി നല്‍കണം. ചെലവ് ചുരുക്കണം. ചെലവിന്റെ കാര്യത്തിലേ ലക്ഷ്യം കാണാനാവുന്നുള്ളൂ. വരുമാനത്തിന്റെ കാര്യത്തില്‍ അതില്ല -അദ്ദേഹം പറഞ്ഞു.
സില്‍വര്‍ലൈനിനെപ്പറ്റി ഇനി പുതിയ പ്രഖ്യാപനങ്ങള്‍ വേണ്ടതില്ല. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ഇടപെടല്‍ ബജറ്റിലുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.