തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസമായ ഇന്നു ബില്ലുകള്‍ പാസാക്കാന്‍ ട്രഷറിയിലും ആധാരങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ സബ് റജിസ്ട്രാര്‍ ഓഫിസുകളിലും വലിയ തിരക്ക്. വ്യാഴാഴ്ച മാത്രം 1000 കോടിയോളം രൂപയാണ് ട്രഷറി ചെലവിട്ടത്.
വെള്ളിയാഴ്ച മുതല്‍ ഭൂമി ന്യായവില 10% വര്‍ധിക്കുന്നതു കാരണം കുറഞ്ഞ നിരക്കില്‍ ഭൂമി റജിസ്റ്റര്‍ ചെയ്യാന്‍ എണ്ണായിരത്തോളം ആധാരങ്ങളാണ് ഇന്നു വിവിധ സബ് റജിസ്ട്രാര്‍ ഓഫിസുകളിലായി എത്തിയത്. സാധാരണ ഒരു ദിവസം ശരാശരി 4000 ആധാരങ്ങളാണ് സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്യുന്നത്.
നികുതി, ഫിറ്റ്‌നസ്, റജിസ്‌ട്രേഷന്‍ ചെലവുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ കൂടുന്നതിനാല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനും വലിയ തിരക്കായിരുന്നു. അതേസമയം, സംസ്ഥാനത്തിന്റെ പദ്ധതി വിഹിതം വ്യാഴാഴ്ച 85.82 ശതമാനത്തിലെത്തി. എങ്കിലും പ്രധാന വകുപ്പുകള്‍ പലതും 80% തുക പോലും വ്യാഴാഴ്ച വരെ ചെലവിട്ടിട്ടില്ല.
സാമ്പത്തിക വര്‍ഷം അവസാനിക്കെ ഈ മാസം മാത്രം 21,000 കോടിയോളം രൂപ സര്‍ക്കാര്‍ ചെലവിട്ടെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ബുദ്ധിമുട്ട് വരാതിരിക്കാന്‍ 4,000 കോടി രൂപ കടമെടുത്തിരുന്നു. മിക്കവാറും എല്ലാ ചെലവുകളും നിര്‍വഹിക്കാന്‍ കഴിഞ്ഞു. സമയത്ത് ബില്ലുകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് പണം കൊടുക്കാനായിട്ടില്ല. അവര്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷം ആദ്യം തുക നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.