ഷാര്‍ജ: യുഎഇയിലേക്കു പറിച്ചുനട്ട ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) 14-ാം സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ മോശം പ്രകടനം തുടരുന്നു. യുഎഇയിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടു തോറ്റ ബാംഗ്ലൂര്‍, രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും തോറ്റു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ നേടിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 11 പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ഇതോടെ, ഒന്‍പതു കളികളില്‍നിന്ന് 14 പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഡല്‍ഹിക്കും ഒന്‍പത് കളികളില്‍നിന്ന് 14 പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ അവര്‍ പിന്നിലായി. ബാംഗ്ലൂര്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഒന്‍പത് കളികളില്‍നിന്ന് 10 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു.
157 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ചെന്നൈയ്ക്കായി ബാറ്റെടുത്തവരെല്ലാം തിളങ്ങി. ഓപ്പണിങ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ഋതുരാജ് ഗെയ്ക്വാദ് – ഫാഫ് ഡുപ്ലേസി സഖ്യം നല്‍കിയ മികച്ച തുടക്കമാണ് അവര്‍ക്ക് കരുത്തായത്. 26 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്ത ഗെയ്ക്വാദാണ് അവരുടെ ടോപ് സ്‌കോറര്‍.