ജപ്തി ചെയ്യേണ്ട ബാങ്ക് മാനേജര്‍ നിര്‍ധന കുടുംബത്തിന് പണയ ഭൂമി വീണ്ടെടുത്തു നല്‍കി: ഇനി വീട് നിര്‍മിക്കാനും മാനേജര്‍ മുന്നിട്ടിറങ്ങും: പന്തളത്തെ കേരളാ ബാങ്ക് മാനേജര്‍ സുശീലയുടെ സന്മനസിന് നന്ദി പറഞ്ഞ് നിര്‍ധന കുടുംബം

1 second read
0
0

പന്തളം: കേരളാ ബാങ്ക് പന്തളം ശാഖാ മാനേജര്‍ കെ. സുശീലയെ വായനക്കാര്‍ മറന്നു കാണാനിടയില്ല. തന്റെ ബാങ്ക് തന്നെ ജപ്തി ചെയ്യാന്‍ തീരുമാനിച്ച ഒരു നിര്‍ധന കുടുംബത്തിന്റെ കിടപ്പാടം സഹപ്രവര്‍ത്തകരില്‍ നിന്ന് അടക്കം പണം സ്വരൂപിച്ച് ബാങ്കില്‍ അടച്ചു തീര്‍ത്ത് ജപ്തി ഒഴിവാക്കിയ സുശീല.

ജീവകാരുണ്യത്തിന്റെ മഹത്തായ മാതൃക സുശീല തീര്‍ത്തത് ഇതേ അനുഭവം നേരിടേണ്ടി വന്ന തന്റെ യൗവനകാലം ഓര്‍മിച്ചു കൊണ്ടായിരുന്നു. തന്റെ ഭൂതകാലത്ത് അമ്മയോടൊപ്പം ജപ്തി ചെയ്യാറായ വീടിന്റെ മുന്നില്‍ പകച്ചു നിന്ന സുശീലയ്ക്ക് കിടപ്പാടം തിരിച്ചെടുത്തു കൊടുക്കാനും ഒരാള്‍ എത്തിയിരുന്നു. സമാന സാഹചര്യം ഇതേ കുടുംബത്തിലും കണ്ടപ്പോഴാണ് തന്റെ അനുഭവം ഓര്‍മ വന്നതും പണം പിരിച്ച് കൊടുത്ത് പാവപ്പെട്ട കുടുംബത്തിന്റെ ജപ്തി ഒഴിവാക്കിയതും.

ഇപ്പോഴിതാ താന്‍ വീണ്ടെടുത്തു കൊടുത്ത അതേ ഭൂമിയില്‍ സുശീല അവര്‍ക്കായി ഒരു കിടപ്പാടം ഒരുക്കുന്നു. ഒറ്റയ്ക്കല്ല, നിരവധി സുമനസുകളുടെ സഹായത്തോടെ.
ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയില്‍ തന്നെയാണ് നിര്‍ധന കുടുംബത്തിന് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം ലക്ഷ്യപ്രാപ്തിയിലെത്തുന്നത്. തോന്നല്ലൂര്‍ ഇളയശേരില്‍ വീട്ടിലെ അവിവാഹിത സഹോദരങ്ങളായ രാജമ്മ, രാധാകൃഷ്ണന്‍, രാജേശ്വരി എന്നിവര്‍ക്കാണ് വീട് വച്ച് നല്‍കുന്നത്. ഇന്നലെ പകല്‍ 12 ന് ബാങ്ക് ജീവനക്കാരുടെ സാന്നിധ്യത്തില്‍ കട്ടിളവയ്പ് ചടങ്ങ് നടന്നു. 650 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് ബെഡ്‌റൂം, ഹാള്‍, കിച്ചണ്‍, ബാത്ത്‌റൂം എന്നിവ അടങ്ങുന്നതാണ് വീട്.

2008 മെയ് 30 ന് ജില്ലാ സഹകരണ ബാങ്ക് ശാഖയില്‍ നിന്നും വീടിന്റെ നിര്‍മ്മാണത്തിനായി രാജമ്മ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ജീവിതത്തിലുണ്ടായ വമ്പന്‍ പ്രതിസന്ധികള്‍ മൂലം വായ്പ തിരികെ അടയ്ക്കുവാന്‍ കഴിയാതെയായി. അച്ഛന്റെയും അമ്മയുടെയും മൂത്ത സഹോദരന്‍, സഹോദരി എന്നിവരുടെയും മരണം തിരിച്ചടിയായി. 2010 നവംബര്‍ നാലിന് ബാങ്ക് ജപ്തി നടപടി തുടങ്ങി. ഇിന്റെ ഭാഗമായി വീട്ടില്‍ നോട്ടീസ് പതിച്ചു. തവണ അടയ്ക്കാത്തതിനെ തുടര്‍ന്ന് പലിശ സഹിതം 2.45 ലക്ഷം രുപയായി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16ന് ബാങ്ക് സ്വന്തം നിലയില്‍ സംഘടിപ്പിച്ച അദാലത്തില്‍ 1,28,496 രൂപ കുറവ് ചെയ്തു. ബാക്കി തുകയുടെ കാര്യം ബാങ്ക് തീരുമാനിക്കാം എന്ന് നിര്‍ദ്ദേശമുണ്ടായി. അവിടെയാണ് മാലാഖയെപ്പോലെ ബാങ്ക് മാനേജര്‍ കെ. സുശീല അവതരിക്കുന്നത്.ബാങ്ക് ജീവനക്കാരും മുന്‍ ജീവനക്കാരേയും ഉള്‍പ്പെടുത്തി വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി. രാജമ്മയുടെ ദയനീയകഥ സുശീല വിവരിച്ചു. രാജമ്മയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചു. തുടര്‍ന്ന് അക്കൗണ്ടിലേക്ക് 98, 8,628 രൂപ പിരിഞ്ഞു കിട്ടി. കഴിഞ്ഞ രാജമ്മയെ ബാങ്കില്‍ വിളിച്ച് വരുത്തി. ലോണ്‍ തീര്‍ത്ത് പ്രമാണം നല്‍കി.

അഞ്ചു മക്കള്‍ അടങ്ങുന്ന കുടുംബമായിരുന്നു രാജമ്മയുടേത്. എല്ലാവരും വിദ്യാസമ്പന്നര്‍ മാതാപിതാക്കും സഹോദരനും, സഹോദരിയും മരണപ്പെട്ടു. മരണപ്പെട്ട ഒരു സഹോദരി പന്തളം എന്‍.എസ്.എസ്. കോളജിലെ ലൈബ്രറി ജീവനക്കാരിയായിരുന്നു. അവരുടെ മരണത്തോടെയായിരുന്നു കുടുംബം പട്ടിണിയിലും കടത്തിലുമായത്. ഇതിനിടെയായിരുന്ന വീടിന്റെ പണി തുടങ്ങിയത്. താല്‍ക്കാലികമായി ഉണ്ടായിരുന്ന വീട് അഗ്‌നിക്കിരയായി. ബാങ്ക് മാനേജര്‍ ഈ സഹോദരങ്ങള്‍ക്ക് അടച്ചുറപ്പുള്ള ഒരു വീട് നിര്‍മ്മിച്ചു നല്‍കാമെന്നായി.

വാട്‌സാപ് ഗ്രൂപ്പ് സജീവമാക്കി. വെള്ളായണി കാര്‍ഷിക കോളജ് 80-84 ബാച്ചിലെ വിദ്യാര്‍ഥികളും ബാങ്ക് ജീവനക്കാരോടൊപ്പം അണി ചേര്‍ന്നതും സഹായമായെന്ന് സുശീല പറഞ്ഞു. രണ്ട് മാസത്തിനകം വീട് പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്. ബ്രഹ്മാ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ മാനേജര്‍ മായയാണ് പ്രതിഫലേച്ഛ കൂടാതെ വീടിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…