ബിഗ് ടിക്കറ്റ് അധികൃതര്‍ മലയാളികളായ ഈ രണ്ടു ഭാഗ്യവാന്മാരുടെയും പിന്നാലെ കൂടിയിട്ട്

4 second read
0
0

അബുദാബി: ഭാഗ്യവാന്‍ കമ്മുക്കുട്ടിയെവിടെ? അജിത് ശ്രീധരന്‍പിള്ള ദയവു ചെയ്തു ഫോണെടുക്കൂ… കഴിഞ്ഞ 5 മാസത്തോളമായി അബുദാബിയിലെ ബിഗ് ടിക്കറ്റ് അധികൃതര്‍ മലയാളികളായ ഈ രണ്ടു ഭാഗ്യവാന്മാരുടെയും പിന്നാലെ കൂടിയിട്ട്. മറ്റൊന്നിനുമല്ല, വന്‍ തുക സമ്മാനമായി കൈമാറാന്‍. പ്രിയപ്പെട്ട കമ്മുക്കുട്ടീ, കടന്നുവരൂ. നിങ്ങളെകാത്ത് കോടി രൂപ ഞങ്ങളുടെ കൈവശമുണ്ട്. ദയവു ചെയ്ത് വിളിക്കുമ്പോള്‍ പറയുന്നത് വിശ്വസിക്കൂ… പ്രിയ അജിത്, താങ്കളുടെ ഇ-മെയില്‍ വായിച്ച് എത്രയും പെട്ടെന്ന് ഞങ്ങളെ ബന്ധപ്പെടൂ… എന്നാല്‍ ഇവര്‍ക്ക് പിന്നാലെയുള്ള അലച്ചിലിന് ഇതുവരെ ഫലമുണ്ടായിട്ടില്ല. ഇവര്‍ക്ക് സമ്മാനത്തുക കൈമാറാന്‍ പൊതുജനങ്ങളുടെ സഹായം തേടുകയാണ് ബിഗ് ടിക്കറ്റ് അികൃതര്‍.

കമ്മുക്കുട്ടി ഫോണെടുത്തെങ്കിലും തനിക്ക് ഭാഗ്യം ലഭിച്ചുവെന്ന് വിശ്വസിക്കാന്‍ തയാറായില്ല. വിളിക്കുന്നവര്‍ തട്ടിപ്പുകാരാണെന്ന് കരുതി ബിഗ് ടിക്കറ്റ് അധികൃതരില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കുകയാണ്. രണ്ടാമത്തേയാളെ ഫോണില്‍ ബന്ധപ്പെടാനാവുന്നില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍ 28ന് ‘റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ’ ക്യാംപെയിനിലാണ് കമ്മുക്കുട്ടി 1,00000 ദിര്‍ഹം (20 ലക്ഷത്തിലേറെ) നേടിയത്. ഇദ്ദേഹം മലയാളിയാണെന്നു കരുതുന്നു. 238482 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്. ബിഗ് ടിക്കറ്റ് ടീമില്‍ നിന്നുള്ള ആദ്യ ഫോണ്‍ കോള്‍ ഇദ്ദേഹം അറ്റന്‍ഡ് ചെയ്തെങ്കിലും വിശ്വസിക്കാന്‍ തയാറായില്ല. അതിനുശേഷം, ബിഗ് ടിക്കറ്റിന്റെ പ്രതിനിധികള്‍ കമ്മുക്കുട്ടിയെ വിശ്വസിപ്പിക്കാന്‍ ശ്രമം നടത്തി. സമ്മാനം ഉറപ്പാക്കാന്‍ ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും പരിശോധിക്കാനും പറഞ്ഞു. അപ്പോഴും ഇത് തട്ടിപ്പാണെന്നും ഈ ചതിയില്‍ താന്‍ വീഴില്ലെന്നുമായിരുന്നു കമ്മുക്കുട്ടിയുടെ നിലപാട്. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ നിന്നുള്ള കോളുകളും അദ്ദേഹം സ്വീകരിക്കാതെയായി. മാസങ്ങളായിട്ടും അധികൃതര്‍ ശ്രമം നിര്‍ത്തിയിട്ടില്ല.

ഈ വര്‍ഷം ജനുവരി 25 ന് ബിഗ് ടിക്കറ്റിന്റെ ‘സെക്കന്‍ഡ് ചാന്‍സ്’ ക്യാംപെയിനിലാണ് അജിത് ശ്രീധരന്‍ പിള്ളയ്ക്ക് 2,50,000 ദിര്‍ഹം (അരക്കോടി രൂപ) സമ്മാനം ലഭിച്ചത്. ടിക്കറ്റ് നമ്പര്‍ 265264. ബിഗ് ടിക്കറ്റ് ടീം വളരെയധികം പരിശ്രമിച്ചിട്ടും വിജയിയെ ബന്ധപ്പെടുന്നതില്‍ പരാജയപ്പെടുകയായിരുന്നു. രണ്ട് സൗജന്യ ബിഗ് ടിക്കറ്റുകളും അജിത് നേടിയിട്ടുണ്ട്. എല്ലാ ദിവസവും അജിത്തിനെ ഫോണ്‍ വിളിക്കുന്നുവെങ്കിലും കിട്ടുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. എല്ലാ ദിവസവും ഇമെയില്‍ ചെയ്യുന്നുണ്ടെങ്കിലും അതിനും മറുപടി ലഭിക്കുന്നില്ല. ഒരുപക്ഷേ ഇപ്പോള്‍ യുഎഇയില്‍ ഇല്ലാത്തതായിരിക്കാം കാരണം. അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ മാറ്റിയിരിക്കാമെന്നും കരുതുന്നുവെന്നും ഡ്രോ ഹോസ്റ്റ് റിച്ചാര്‍ഡ് പറഞ്ഞു.

ഭാഗ്യശാലികളായ കമ്മുക്കുട്ടിയെയോ അജിത്തിനെയോ അറിയാമെങ്കില്‍, help@bigticket.ae എന്ന വിലാസത്തില്‍ ഇ-മെയില്‍ അയയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ 022019244 എന്ന നമ്പറില്‍ വിളിക്കുക. നേരത്തെ നടന്ന നറുക്കെടുപ്പുകളില്‍ ഭൂരിഭാഗവും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് വിജയികളായിട്ടുള്ളത്. കോടികള്‍ നേടിയത് വഴി ഒട്ടേറെ ജീവിതങ്ങള്‍ ഉയര്‍ന്ന നിലയിലെത്തി. ബിഗ് ടിക്കറ്റും ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റും വാങ്ങി ഭാഗ്യ പരീക്ഷണം നടത്തുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്.

ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് ഏപ്രില്‍ 3 ന് നടക്കും. 15 ദശലക്ഷം ദിര്‍ഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹവും മറ്റ് മൂന്ന് വലിയ ക്യാഷ് പ്രൈസുകളും വിജയികള്‍ക്ക് ലഭിക്കും. കൂടാതെ, പ്രതിവാരം 3,00,000 ദിര്‍ഹത്തിന്റെ ഇലക്ട്രോണിക് നറുക്കെടുപ്പും ഉണ്ടായിരിക്കും. 500 ദിര്‍ഹമാണ് ബിഗ് ടിക്കറ്റ് നിരക്ക്. രണ്ട് ടിക്കറ്റുകള്‍ വാങ്ങിയാല്‍ ഒന്ന് സൗജന്യമായി ലഭിക്കും.

 

Load More Related Articles
Load More By Editor
Load More In Gulf

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…