കോഴിക്കോട് :ദലിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ആളുടെ ഭാര്യ വിശദീകരണവുമായി രംഗത്ത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കമെന്ന് അറസ്റ്റിലായ മോഹന്‍ദാസിന്റെ ഭാര്യ റീജ പറഞ്ഞു. ആദ്യം പ്രകോപനം ഉണ്ടാക്കിയത് ബിന്ദുവാണ്. തന്റെ ഭര്‍ത്താവിന്റെ ഫോണ്‍ വലിച്ചെറിയുകയും ഉടുമുണ്ട് ഊരുകയും ചെയ്തു. ബിന്ദു അമ്മിണിക്കെതിരെ പരാതി കൊടുക്കുമെന്നും റീജ വ്യക്തമാക്കി
അതേസമയം, ബിന്ദു അമ്മിണിക്കെതിരായ കയ്യേറ്റത്തെ ഗൗരവത്തോടെ കാണുന്നെന്ന് സംസ്ഥാന വനിതാ കമ്മിഷന് അറിയിച്ചു. കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്കി. ജാമ്യമില്ലാ വകുപ്പു പ്രകാരം പ്രതിക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പി.സതീദേവി പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ബീച്ചില്‍വച്ചാണ് ബിന്ദു അമ്മിണിയെ മദ്യലഹരിയിലായിരുന്ന ഒരാള്‍ ആക്രമിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും പിന്തിരിപ്പിച്ചുവിട്ടു. ആശുപത്രിയില്‍ പോയി ചികിത്സ തേടിയശേഷം പരാതിയുണ്ടെങ്കില്‍ സ്റ്റേഷനില്‍ലെത്തി അറിയിക്കാനായിരുന്നു പൊലീസ് നിര്‍ദേശം.
ബിന്ദു അമ്മിണി തിരിച്ചും ആക്രമിച്ചിട്ടുണ്ടെന്നും ആരുടെ ഭാഗത്തുനിന്നാണ് ആദ്യം പ്രകോപനം ഉണ്ടായതെന്ന് അറിയില്ലെന്നുമായിരുന്നു അക്രമിയെ കസ്റ്റഡിയിലെടുക്കാതെ വിട്ടതിന് വെള്ളയില്‍ പൊലീസ് പറഞ്ഞിരുന്ന ന്യായം. എന്നാല്‍ ബിന്ദു അമ്മിണിക്കെതിരെ തുടര്‍ച്ചയായ ആക്രമണമുണ്ടായിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെതിരെ സമൂഹമധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് നിലപാട് മാറ്റി.