വത്തിക്കാന്‍ സിറ്റി: സമൂഹത്തില്‍ സഹാനുഭൂതിയുടെ കിരണങ്ങള്‍ പടര്‍ത്തിയ 3 വ്യക്തികളെ ആദരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ 86-ാം പിറന്നാള്‍ ആഘോഷിച്ചു. സേവന പ്രവര്‍ത്തനങ്ങളില്‍ വഴികാട്ടികളായ മൂവര്‍ക്കും മദര്‍തെരേസയുടെ പേരിലുള്ള പുരസ്‌കാരങ്ങളും മാര്‍പാപ്പ സമ്മാനിച്ചു.
വീടില്ലാതെ വത്തിക്കാന്‍ തെരുവില്‍ തന്നെ കഴിയുന്ന ജിയാന്‍ പിയറോ തെരുവിന്റെ മക്കള്‍ക്ക് പരിചിതനായത് വൂ എന്ന വിളിപ്പേരിലാണ്. തനിക്ക് ലഭിക്കുന്നത് സഹജീവികള്‍ക്കു കൂടി പങ്കുവച്ചാണ് വൂ പാപ്പയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ അര്‍ഹത നേടിയത്. അഗതികളുടെ അമ്മ മദര്‍തെരേസയുടെ പേരിലുള്ള പുരസ്‌കാരം സമ്മാനിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ജിയാന്‍ പിയറോയുടെ കൈകളില്‍ മുത്തം നല്‍കി.
ഫ്രാന്‍സിസ്‌കന്‍ വൈദികനും സിറിയയില്‍ അശരണര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഹന്നജലൗഫ്, ഇറ്റാലിയന്‍ വ്യവസായി സില്‍വാനോ പെഡ്രാളോ എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റു 2 പേര്‍. സ്‌കൂളുകള്‍ നിര്‍മിച്ചും സ്‌കൂളുകളില്‍ ശുദ്ധജലം വിതരണം ചെയ്തും പ്രശസ്തനാണ് സില്‍വാനോ. ചടങ്ങില്‍ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ പ്രതിനിധികളും പങ്കെടുത്തു.