കൊല്‍ക്കത്ത: ബംഗാളില്‍ പ്രബലരായ മതുവ വിഭാഗം ഇടഞ്ഞത് ബിജെപിക്കു തലവേദനയാകുന്നു. പാര്‍ട്ടി ജില്ലാ, സംസ്ഥാന സമിതികളില്‍നിന്ന് മതുവ വിഭാഗത്തില്‍പെട്ട എംഎല്‍എമാരെ ഒഴിവാക്കിയതിനെ ചൊല്ലിയാണ് കടുത്ത പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിയും മതുവ സമുദായത്തിലെ പ്രമുഖനുമായ ശന്തനു താക്കൂര്‍ ബിജെപിയുടെ എല്ലാ വാട്സാപ്പ് ഗ്രൂപ്പുകളില്‍നിന്നും ഒഴിവായത് പാര്‍ട്ടിക്ക് തിരിച്ചടിയായി.
മതുവ സമുദായത്തിന് പാര്‍ട്ടിയില്‍ സുപ്രധാന റോളുണ്ടെന്ന് ബംഗാള്‍ ബിജെപി നേതൃത്വം കരുതുന്നില്ലെന്നാണു തോന്നുന്നതെന്ന് കേന്ദ്ര ഷിപ്പിങ് സഹമന്ത്രിയായ ശന്തനു താക്കൂര്‍ പറഞ്ഞു. തനിക്കു പോലും ബിജെപി സംസ്ഥാന ഘടകത്തില്‍ പ്രാധാന്യമുണ്ടോയെന്നും ശന്തനു സംശയം പ്രകടിപ്പിച്ചു.
ഓള്‍ ഇന്ത്യ മതുവ മഹാസംഘത്തിന്റെ സംഘാധിപതിയായ ശന്തനു സമുദായത്തിലെ പ്രമുഖ നേതാവാണ്. ബിജെപി സംസ്ഥാന, ജില്ലാ കമ്മിറ്റികളില്‍നിന്ന് മതുവ സമുദായത്തില്‍പെട്ട എംഎല്‍എമാരെ ഒഴിവാക്കിയതിനെതിരെ ശന്തനു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയോടു വിശ്വസ്തത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.