ന്യൂഡല്‍ഹി: പഞ്ചാബിലെ പരിപാടികള്‍ റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയതിനു പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ഛന്നിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ രംഗത്തെത്തി. ഫോണ്‍ കോളുകള്‍ക്കു മറുപടി നല്‍കാന്‍ പഞ്ചാബ് മുഖ്യമന്ത്രി തയാറാകുന്നില്ലെന്ന് നഡ്ഡ ആരോപിച്ചു. ട്വിറ്ററില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നഡ്ഡ വിമര്‍ശനം ഉന്നയിച്ചു.
പഞ്ചാബിനായി കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിക്കാനെത്തിയ പ്രധാനമന്ത്രിയുടെ യാത്ര മുടങ്ങിയതു സങ്കടകരമായ കാര്യമാണ്. ആളുകള്‍ പരിപാടിക്കെത്തുന്നതു തടയാന്‍ പഞ്ചാബ് പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. വിഷയത്തില്‍ പ്രതികരിക്കാനോ, പ്രശ്‌നം പരിഹരിക്കാനോ പഞ്ചാബ് മുഖ്യമന്ത്രി തയാറായിട്ടില്ല. അദ്ദേഹം ഫോണ്‍കോള്‍ പോലും സ്വീകരിക്കുന്നില്ല- ജെ.പി. നഡ്ഡ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം നഡ്ഡയ്ക്കു മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി 10,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണു നിയോഗിച്ചതെന്ന് സുര്‍ജേവാല മറുപടി നല്‍കി. ‘ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ബിജെപി പ്രവര്‍ത്തകരുടെ ബസുകള്‍ പോകാന്‍ ഒരു റോഡ് നല്‍കി. ഹുസൈനിവാലയിലേക്കു റോഡ് മാര്‍ഗം പോകാന്‍ പ്രധാനമന്ത്രിയാണു തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ യഥാര്‍ഥ ഷെഡ്യൂളില്‍ അതുണ്ടായിരുന്നില്ല’ സുര്‍ജേവാല പ്രതികരിച്ചു.