ന്യൂഡല്‍ഹി: കെ റെയില്‍ വിഷയത്തില്‍ ബിജെപി പ്രതിനിധി സംഘം ഡല്‍ഹിയിലേക്ക് പോകുന്നു. പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് സംഘം റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടും. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സംഘത്തില്‍ മെട്രോമാന്‍ ഇ. ശ്രീധരനും ഉണ്ടാകും. അടുത്തയാഴ്ചയാണ് സംഘം ഡല്‍ഹിയിലെത്തുക.
പദ്ധതിയെ പൂര്‍ണമായും എതിര്‍ക്കുന്ന ബിജെപി തങ്ങളുടെ നീക്കങ്ങള്‍ക്കും എതിര്‍പ്പിനും കൂടുതല്‍ ശക്തി പകരുന്നതിനാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. പദ്ധതിക്ക് ഒരു കാരണവശാലും അനുമതി നല്‍കരുതെന്ന ആവശ്യമാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് മുന്‍പില്‍ സംഘം ഉന്നയിക്കുക. പ്രതിനിധി സംഘത്തില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ഉണ്ടാകും എന്നാണ് വിവരം.
പദ്ധതിക്കെതിരേ വലിയ പ്രക്ഷോഭപരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ഇതിന് കേന്ദ്ര മന്ത്രാലയത്തിന്റെയും കേന്ദ്ര നേതൃത്വത്തിന്റേയും പിന്തുണ തേടിയാണ് സംഘത്തിന്റെ ഡല്‍ഹി യാത്ര. മെട്രോമാന്‍ ഇ ശ്രീധരനെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത് പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിലെ ദോഷവശങ്ങള്‍ കൂടി കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ്.