ന്യൂഡല്‍ഹി: ബിജെപിക്ക് ഇന്ന് ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബിജെപി ജയിച്ചതിനു പിന്നാലെ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ‘ഇന്ന് സന്തോഷത്തിന്റെ ദിനം. ഉത്തര്‍പ്രദേശില്‍ ബിജെപി ചരിത്രം കുറിച്ചു. കാലാവധി പൂര്‍ത്തിയാക്കി തിരിച്ചുവരുന്നത് ആദ്യമാണ്’- പ്രധാനമന്ത്രി പറഞ്ഞു.
‘മാര്‍ച്ച് 10 മുതല്‍ ഹോളി ആരംഭിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇത് എന്‍ഡിഎ പ്രവര്‍ത്തകരുടെ വിജയമാണ്. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുത്തതിന് എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നു. ഗോവയില്‍ എല്ലാ എക്സിറ്റ് പോളുകളും തെറ്റാണെന്ന് തെളിഞ്ഞു. ഉത്തരാഖണ്ഡില്‍ ബിജെപി പുതിയ ചരിത്രം കുറിച്ചു. 2019ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍, 2017ലെ യുപിയിലെ വിജയമാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു. 2022ലെ യുപിയിലെ തിരഞ്ഞെടുപ്പ് ഫലം 2024ലെ പൊതു തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുമെന്ന് ഇതേ വിദഗ്ധര്‍ പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’- അദ്ദേഹം പറഞ്ഞു.
#WATCH | Prime Minister Narendra Modi addresses party workers at BJP HQ in Delhi#AssemblyElections2022 https://t.co/OtqqxIUldv
— ANI (@ANI) March 10, 2022
‘ഞങ്ങള്‍ക്കെതിരെ പല ആളുകളും യുപിയില്‍ ആക്രമണമാണ് അഴിച്ചുവിട്ടത്. അവരുടെ ആരോപണങ്ങള്‍ക്ക് ജനം കടുത്ത ഭാഷയില്‍ മറുപടി നല്‍കി. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ ദരിദ്രരാണെന്നും ബിജെപിയെവിശ്വസിക്കുന്നവരാണെന്നും വിദ്യാഭ്യാസം കുറവുള്ളവരാണെന്നുമൊക്കെ പല ആളുകളും കുറ്റപ്പെടുത്തി. യുപിയിലെ ജനങ്ങള്‍ വിദ്യാഭ്യാസം കുറഞ്ഞവര്‍ ആയിരിക്കാം. എന്നാല്‍ അവര്‍ക്കറിയാം രാജ്യത്തിന്റെ പുരോഗതിക്ക് എന്താണ് ആവശ്യമെന്ന്, ആരാണ് അധികാരത്തില്‍ വരേണ്ടതെന്ന്. അങ്ങനെയാണ് യുപിയില്‍ ഞങ്ങള്‍ വീണ്ടും അധികാരം നിലനിര്‍ത്തിയത്. യുപിയിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു’- മോദി പറഞ്ഞു.
‘2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടും എന്ന് ചില ജ്ഞാനികള്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. അന്ന് അവരെയെല്ലാം അഭുതപ്പെടുത്തുന്ന പ്രകടനമാണ് ബിജെപി കാഴ്ച വച്ചത്. 2024ലും ബിജെപി തന്നെയാവും രാജ്യത്ത് അധികാരത്തില്‍ വരാന്‍ പോകുന്നത് എന്നെനിക്ക് പൂര്‍ണ വിശ്വാസമാണ്. എതിര്‍ക്കുന്നവര്‍ എതിര്‍ത്താലും ബിജെപിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല’- മോദി പറഞ്ഞു.
‘പഞ്ചാബിലെ ജനങ്ങളോട് ബിജെപിക്ക് പറയാനുള്ളത് ഒരു കാര്യം മാത്രമാണ്. ഭാവിയില്‍ ഞങ്ങളെ വിശ്വാസത്തിലെടുക്കണം. ഇപ്പോഴത്തെ ജനവിധി ബിജെപി മാനിക്കുന്നു. അടുത്ത തവണ ദയവായി ഞങ്ങള്‍ക്ക് അനുകൂലമായ ജനവിധി സമ്മാനിക്കണം’- മോദി കൂട്ടിച്ചേര്‍ത്തു.