പത്തനംതിട്ട: ഡിസിസി പ്രസിഡന്റായി പ്രഫ. സതീഷ് കൊച്ചുപറമ്പിലിനെ നിയമിച്ചതിന് പിന്നാലെ ഡിസിസി ഓഫീസായ രാജീവ് ഭവന്റെ ഭിത്തിയില്‍ പോസ്റ്റര്‍ പതിക്കുകയും കൊടിമരത്തില്‍ കരിങ്കൊടി തൂക്കുകയും ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ രണ്ടു യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നു. അന്വേഷണം മുറുകുകയും കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവിലേക്ക് എത്തുകയും ചെയ്യുന്നതിനിടെയാണ് ഇയാള്‍ നാടുവിട്ടിട്ടുള്ളത്. ഡിസിസി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയാവുകയും കൊടി കെട്ടിയവരെ തിരിച്ചറിയുകയും ചെയ്തതോടെയാണ് പലായനം.
അന്വേഷണ കമ്മിഷന്റെ തെളിവെടുപ്പില്‍ ഒരു കെപിസിസി നേതാവാണ് കൃത്യത്തിന് പിന്നണിയില്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു ഭൂരിപക്ഷം പേരുടെയും മൊഴി. ഉയരമുള്ള ഒരു വാഹനം കൊണ്ടിട്ട് അതിന് മുകളില്‍ കയറി നിന്നാണ് കരിങ്കൊടി തൂക്കിയതെന്നാണ് ചില പ്രവര്‍ത്തകര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതൊരു ആംബുലന്‍സാണെന്നും കോവിഡ് പ്രതിരോധത്തിനായി യൂത്ത് കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നതാണെന്നും പറയുന്നു. ടൗണിലുള്ള യൂത്ത് കോണ്‍ഗ്രസിന്റെ രണ്ടു നേതാക്കളാണ് ആംബുലന്‍സുമായി വന്ന് കരിങ്കൊടി ഉയര്‍ത്തിയതെന്നാണ് പറയുന്നത്. പിന്നില്‍ ഒരു യുവ കെപിസിസി നേതാവാണ് എന്ന തരത്തിലാണ് പ്രചാരണം. കെപിസിസി പുനഃസംഘടനയില്‍ അദ്ദേഹത്തിന് പദവി കിട്ടാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രചാരണവുമെന്നും പറയുന്നു. പ്രതികളെന്ന് സംശയിക്കുന്ന യുവനേതാക്കളെ നോട്ടീസ് നല്‍കി വിളിപ്പിക്കും. ഏഴംകുളം അജു, ഏബ്രഹാം മാത്യു പനച്ചമൂട്ടില്‍, സതീഷ് ചാത്തങ്കരി എന്നിവരാണ് അന്വേഷണ കമ്മഷന്‍.
ഡിസിസി പ്രസിഡന്റായി സതീഷ് കൊച്ചുപറമ്പിലിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പത്തനംതിട്ട ഡിസിസിയില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. പിജെ കൂര്യനും ആന്റോ ആന്റണിക്കുമെതിരേ പരസ്യ പ്രതിഷേധമുണ്ടായി.
പത്തനംതിട്ടയെ ഒറ്റുകൊടുക്കാന്‍ എത്തിയ യൂദാസ് ആണ് ആന്റോ ആന്റണി. സതീഷ് സജീവ പ്രവര്‍ത്തകനല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പോസ്റ്ററിലുണ്ട്.