തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ പ്രചാരണത്തിന് സര്‍ക്കാര്‍ നീക്കം. ‘സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം’ എന്ന പേരില്‍ 50 ലക്ഷം മള്‍ട്ടിക്കളര്‍ കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് പൊതുജനത്തിന് വിതരണം ചെയ്യും. 36 പേജുകളുള്ള കൈപ്പുസ്തകം അച്ചടിക്കുന്നതിന് പബ്ലിക് റിലേഷന്‍ വകുപ്പ് ടെന്‍ഡര്‍ വിളിച്ചു. ആധുനിക സൗകര്യമുള്ള അച്ചടിശാലകളില്‍നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.
കേരളത്തിനകത്ത് ആസ്ഥാന ഓഫിസും സ്വന്തമായി പ്രസുമുള്ള സ്ഥാപനത്തെയാണ് പരിഗണിക്കുന്നത്. ജനുവരി 28 ആണ് ഇ ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി. 29ന് ഇ ടെണ്ടര്‍ തുറക്കും.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വലിയ തോതിലുള്ള എതിര്‍പ്പുയരുന്ന സാഹചര്യത്തിലാണ് പദ്ധതിയുടെ ഗുണഫലങ്ങള്‍ വിവരിച്ചുകൊണ്ടുള്ള കൈപ്പുസ്തകം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് യോഗങ്ങള്‍ വിളിച്ചു കൂട്ടി പദ്ധതിയെക്കുറിച്ചു വിശദീകരിച്ചിരുന്നു. പിന്നാലെയാണ് പദ്ധതിയുടെ ഗുണവശങ്ങള്‍ ജനങ്ങിലേക്ക് എത്തിക്കാന്‍ കൈപ്പുസ്തകം പുറത്തിറക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനു പുറമേ സിപിഎം വീടുകള്‍ കയറി ലഘുലേഖ വിതരണം ചെയ്യാനും തീരുമാനിച്ചിരുന്നു. ഇതു കൂടാതെയാണ് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വന്‍ പ്രചാരണം ആരംഭിക്കുന്നത്.