ന്യൂഡല്‍ഹി: രാജ്യത്ത് അര്‍ഹരായവര്‍ക്കു കോവിഡ് കരുതല്‍ ഡോസ് (മൂന്നാം ഡോസ് / ബൂസ്റ്റര്‍ ഡോസ്) സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ശനിയാഴ്ച വൈകിട്ട് നിലവില്‍ വരും. കരുതല്‍ ഡോസ് വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.
രണ്ട് ഡോസ് എടുത്തവരാണ് കരുതല്‍ ഡോസിന് അര്‍ഹരായവര്‍. ഇവര്‍ നേരത്തേതന്നെ കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തവരായതു കൊണ്ടാണ് പ്രത്യേക റജിസ്‌ട്രേഷന്റെ ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചത്. അര്‍ഹരായവര്‍ക്കു നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ അപ്പോയിന്‍മെന്റ് എടുക്കാം. അല്ലെങ്കില്‍ ഏതെങ്കിലും കോവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ നേരിട്ടെത്തി ഡോസ് സ്വീകരിക്കാം.