രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലിന് നേട്ടമായതായി റിപ്പോര്‍ട്ട്. 2021 ഡിസംബറില്‍ ബിഎസ്എന്‍എലിന് 11 ലക്ഷം പുതിയ ഉപഭോക്താക്കളെ ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ കമ്പനികളില്‍ ഭാരതി എയര്‍ടെലിന് മാത്രമാണ് ഡിസംബറില്‍ പുതിയ വരിക്കാരെ കിട്ടിയത്. ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവര്‍ക്ക് വരിക്കാരെ നഷ്ടമായി. 1.29 കോടി ഉപഭോക്താക്കളെയാണ് ജിയോയ്ക്ക് നഷ്ടമായത്.
ഇനിയും 4ജിയിലേക്ക് പൂര്‍ണമായും മാറിയിട്ടില്ലാത്ത ബിഎസ്എന്‍എലിലേക്കാണ് ആളുകള്‍ പോവുന്നത് എന്നതാണ് ശ്രദ്ധേയം. മുന്‍നിര സ്വകാര്യ കമ്പനികളുടെ പ്രീപെയ്ഡ് നിരക്ക് വര്‍ധന തന്നെയാണ് ഇതിന് പ്രധാന കാരണമായി കണക്കാക്കുന്നത്.
അതേസമയം ഇതുവഴി കുറഞ്ഞ തുകമാത്രം ചിലവഴിക്കുന്ന ഉപഭോക്താക്കളെ ഒഴിവാക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് സാധിച്ചു. ഇതുവഴി അവരുടെ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം ഉയരും (ആവറേജ് റവന്യൂ പെര്‍ യൂസര്‍). ബിഎസ്എന്‍എലിന് പുതിയ കുറേ ഉപഭോക്താക്കളെ കിട്ടുകയും ചെയ്തു. സംഭവം രണ്ട് കക്ഷികള്‍ക്കും നേട്ടം തന്നെ.
ബിഎസ്എന്‍എല്‍ 4ജിയിലേക്ക് മാറിയാല്‍ തീര്‍ച്ചയായും ഉപഭോക്താക്കള്‍ ബിഎസ്എന്‍എലിനെ കൈവിടാന്‍ സാധ്യതയില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. അതിന് കാരണം കുറഞ്ഞ നിരക്ക് തന്നെയാണ്. അടുത്തിടെ ബിഎസ്എന്‍എലില്‍ നിന്നുണ്ടായ കൊഴിഞ്ഞുപോക്കിനുള്ള പ്രധാന കാരണം 4ജിയുടെ അഭാവമായിരുന്നു. മറ്റ് കണക്ഷനുകള്‍ അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവുന്നത് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയായിരുന്നു. രണ്ട് നമ്പറുകള്‍ കൈകാര്യം ചെയ്യുന്നവരും ചിലവ് കുറയ്ക്കാന്‍ ബിഎസ്എന്‍എലിലേക്ക് ചേക്കേറിയിട്ടുള്ളവരാവാനിടയുണ്ട്.
ബിഎസ്എന്‍എലിനോട് ഇപ്പോഴും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് താല്‍പര്യമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴുണ്ടായ പ്രതിഭാസം. സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയിലുള്ള വിശ്വാസ്യത ഇനിയും ഉപഭോക്താക്കള്‍ക്ക് നഷ്ടമായിട്ടില്ല. പക്ഷെ അവര്‍ ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് സേവനം ഉയരുന്നില്ല എന്നതാണ് പ്രശ്നം.
ബിഎസ്എന്‍എലിന് വേണ്ടി ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസും (ടിസിഎസ്) സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഫോര്‍ ടെലിമാറ്റിക്സും (സി-ഡോട്ട്) 4ജി പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇതിന് മുമ്പ് പല തവണ വൈകിയതാണെങ്കിലും ഫെബ്രുവരിയോടെ ഇത് പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റിലോ സെപ്റ്റംബറിലോ ബിഎസ്എന്‍എല്‍ 4ജി അവതരിപ്പിക്കാനാവുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ഡിസംബറിലെ കണക്കുകള്‍ ബിഎസ്എന്‍എലിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.