തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56ല്‍ നിന്ന് 57 ആക്കി വര്‍ധിപ്പിക്കണമെന്ന 11-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചന. എല്‍ഡിഎഫിലും സിപിഎമ്മിലും അനുകൂല തീരുമാനം ഉണ്ടായാല്‍ മാര്‍ച്ച് 11ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്ന പ്രഖ്യാപനം ഉണ്ടാകും. അടുത്ത സാമ്പത്തിക വര്‍ഷം 4,000 കോടി രൂപ വരെ ഇതുവഴി ലാഭിക്കാമെന്നാണു ധനവകുപ്പ് കണക്കുകൂട്ടുന്നത്. എന്നാല്‍, ബജറ്റിനു മുന്നോടിയായി മന്ത്രി വിളിച്ച ചര്‍ച്ചയില്‍ യുവജന സംഘടനകള്‍ ഈ നീക്കത്തെ എതിര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള ഇന്ധനം, മദ്യം, റജിസ്‌ട്രേഷന്‍, മോട്ടര്‍ വാഹനം എന്നിവയുടെ നികുതികളെല്ലാം വര്‍ധിപ്പിക്കുകയോ പുനഃക്രമീകരിക്കുകയോ വേണമെന്നു ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ (ഗിഫ്റ്റ്) കഴിഞ്ഞയാഴ്ച കൈമാറിയ റിപ്പോര്‍ട്ടില്‍ ധന വകുപ്പിനോടു ശുപാര്‍ശ ചെയ്തിരുന്നു. ബംപര്‍ ഒഴികെ ലോട്ടറി ടിക്കറ്റുകളുടെ വില 40 രൂപയില്‍ നിന്നു 50 ആയി വര്‍ധിപ്പിക്കുന്നതും പരിഗണനയിലാണ്. തദ്ദേശ സ്ഥാപനങ്ങള്‍ പിരിക്കുന്ന നികുതികളിലും പുനഃക്രമീകരണം ആലോചിക്കുന്നുണ്ട്. ഇവയെല്ലാം ബജറ്റില്‍ പ്രഖ്യാപനങ്ങളായി വരുമെന്നാണു സൂചന.