തിരുവനന്തപുരം: വെള്ളിയാഴ്ച ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ കേരളത്തിനറിയേണ്ടത് ഇതാണ്. അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. നിലവിലെ സ്ഥിതിയില്‍നിന്ന് അല്പം പുരോഗതി. സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് അതാണ്. അത്രമാത്രമേ സാധ്യമാകൂ.
വരുന്ന സാമ്പത്തികവര്‍ഷം കേരളത്തിന് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനത്തില്‍ത്തന്നെ വലിയ കുറവുവരും. ഈ വിടവ് നികത്താന്‍ കേന്ദ്രം നല്‍കുന്ന ധനസഹായം 19,800 കോടിയില്‍നിന്ന് 13,000 കോടിയാവും. ഒറ്റയടിക്ക് 6800 കോടി കുറയും.മേയ് 31-ഓടെ കേന്ദ്രം നല്‍കുന്ന ജി.എസ്.ടി. നഷ്ടപരിഹാരവും നിലയ്ക്കും. വര്‍ഷം 12,000 കോടിയാണ് ലഭിച്ചിരുന്നത്. ഇത് 3000 കോടി കിട്ടിയാലായി. ഇതു രണ്ടും ചേര്‍ത്ത് 15,800 കോടിയാണ് വരുമാനത്തില്‍ കുറയുക. ഇതിനുപുറമേ റഷ്യ-യുക്രൈന്‍ യുദ്ധം സാമ്പത്തികരംഗത്തുണ്ടാക്കുന്ന വെല്ലുവിളികളും ആശങ്കയുണ്ടാക്കുന്നു.
ഇത്രയും തുക അധികമായി കണ്ടെത്താന്‍ സര്‍ക്കാരിനാവില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടിയതുവഴി നല്‍കാനുള്ള കുടിശ്ശികമാത്രം 12,000 കോടിയാണ്. ഇത് നല്‍കുന്നതിനെപ്പറ്റി തീരുമാനമെടുത്തിട്ടില്ല. നികുതിവരുമാനത്തിലെ വളര്‍ച്ച 10 ശതമാനമോ അതില്‍ താഴെയോ ആകാനാണ് സാധ്യത. ഉത്പാദനം കൂട്ടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. ചെലവ് കുറയ്ക്കണം. ഇതല്ലാതെ വഴികളൊന്നും ധനവകുപ്പിന്റെ മുന്നിലില്ല.
ലക്ഷ്യം 25,000 കോടിയുടെ ഉത്പാദനവര്‍ധന
കാര്‍ഷിക, വ്യാവസായിക രംഗങ്ങളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വര്‍ഷം 25,000 കോടിയുടെ ഉത്പാദനവര്‍ധനയാണ് ധനവകുപ്പിന്റെ ഹ്രസ്വകാല ലക്ഷ്യം. പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. ഇത് ഘട്ടംഘട്ടമായി വര്‍ഷം ഒരുലക്ഷം കോടിയുടെ അധിക ഉത്പാദനമെന്ന ലക്ഷ്യത്തിലേക്കു നീങ്ങും.
കാര്‍ഷികരംഗത്ത് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ ബജറ്റില്‍ തുടക്കമിട്ടിരുന്നു. കോവിഡും മറ്റു പ്രതികൂല സാഹചര്യങ്ങളും കാരണം അത് ഫലവത്തായി നടപ്പാക്കാനായില്ല.
ചില നികുതികള്‍ കൂടും
സംസ്ഥാനത്തിനു സാധ്യമായ മേഖലകളില്‍ നികുതികള്‍ കൂട്ടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ബജറ്റില്‍ നികുതിവര്‍ധന ഉണ്ടായിരുന്നില്ല. സമ്പന്നര്‍ കൂടുതല്‍ നികുതി നല്‍കണമെന്ന ആശയത്തെ പിന്തുണയ്ക്കുകയാണ് ധനമന്ത്രി. എന്നാല്‍, ഏതൊക്കെ മേഖലകളിലെന്നു വ്യക്തമാക്കിയിട്ടില്ല.
കേന്ദ്രസഹായം നേടുന്നതില്‍ വീഴ്ച
കേന്ദ്രം കേരളത്തിന് അര്‍ഹമായത് നല്‍കുന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കേ, അവിടെനിന്ന് കിട്ടാനുള്ളതുപോലും സമയത്തിനു നേടിയെടുക്കാന്‍ വകുപ്പുകള്‍ക്കാവുന്നില്ലെന്ന വിലയിരുത്തലിലാണ് ധനവകുപ്പ്. അത് പരിഹരിക്കാന്‍ ബജറ്റില്‍ കര്‍മപദ്ധതി പ്രഖ്യാപിക്കും.
നികുതിവകുപ്പ് പുനഃസംഘടന പൂര്‍ത്തിയാക്കും
നികുതിപിരിവ് ഊര്‍ജിതമാക്കാനും ചോര്‍ച്ച തടയാനും നികുതിവകുപ്പ് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. ജി.എസ്.ടി. നിലവില്‍വന്ന് ഇത്രകാലമായിട്ടും അതിനു കഴിഞ്ഞിട്ടില്ല. വെര്‍ച്വല്‍ ഐ.ടി. കേഡര്‍ രൂപവത്കരിച്ച് പുനഃസംഘടനയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇത് ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കും.
നിര്‍മാണച്ചെലവ് കുറയ്ക്കും
സ്വകാര്യമേഖലയില്‍ കുറഞ്ഞ ചെലവിലാണ് ഈടുറ്റ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍ക്കാരില്‍ ചെലവ് വന്‍തോതില്‍ കൂടിയാലും ഗുണം കുറവാണ്. പൊതുമരാമത്ത് വകുപ്പും സര്‍ക്കാര്‍ ഏജന്‍സികളും നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എങ്ങനെ ചെലവ് കുറയ്ക്കാനാവുമെന്ന് ആലോചിക്കുന്നുണ്ട്.