തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകളെകൂടി കാറ്റഗറി മൂന്നില്‍ (സി-വിഭാഗം) ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
ഇവിടെ പൊതുപരിപാടികള്‍ പാടില്ല, തിയറ്റര്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവ അടയ്ക്കണം. ആരാധനാലയങ്ങളില്‍ ഓണ്‍ലൈന്‍ ആരാധന മാത്രമേ നടത്താവൂ. ഡിഗ്രി- പിജി അവസാന സെമസ്റ്റര്‍, 10, പ്ലസ് ടു ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി മാത്രമേ അനുവദിക്കൂ. ഇതോടെ തിരുവനന്തപുരം ഉള്‍പ്പെടെ 5 ജില്ലകളാണ് സി കാറ്റഗറിയില്‍ ആയിരിക്കുന്നത്. നിലവില്‍ കോട്ടയം ജില്ല എ കാറ്റഗറിയിലും മറ്റു ജില്ലകള്‍ ബി കാറ്റഗറിയിലും ആണ്.വെള്ളിയാഴ്ച മുതല്‍ ഈ ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.
സെക്രട്ടേറിയറ്റില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോവിഡ് വാര്‍ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്ഡ്, ഐസിയു ബെഡ്ഡ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റര്‍ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കരുതല്‍ വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടല്‍ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണം