വയോധികന് ഒപ്പമിരുത്തി സിന്ധുവിന്റെ ചിത്രമെടുത്തു: ഭീഷണിപ്പെടുത്തി മോതിരവും ഫോണും കവര്‍ന്നു: ബാങ്കിലെത്തിച്ച് രണ്ടു ലക്ഷം കൈപ്പറ്റി

0 second read
0
0

പന്തളം: ഹണിട്രാപ്പ് സംഘത്തിന്റെ കുരുക്കില്‍ വീണ വയോധികന്‍ രക്ഷപ്പെട്ടത് വിവരം മകനെ അറിയിച്ചതിനാല്‍. ആസൂത്രിതമായി എഴുപത്തിയാറുകാരനെ കുടുക്കിയ സംഘം വിളിച്ചു കൊണ്ടു പോയി ബാങ്കില്‍ നിന്ന് ഒന്നരലക്ഷം രൂപ നേരിട്ടു കൈപ്പറ്റുകയും അരലക്ഷം ഒന്നാം പ്രതി സിന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

അടൂര്‍,ചേന്നമ്പള്ളി കൂമ്പുപുഴ എസ്ബി.വില്ലായില്‍ ഷിബി വര്‍ഗ്ഗീസിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കുട്ടുവാളക്കുഴില്‍ സിന്ധു (41), കുരമ്പാല തെക്ക് സാഫല്യത്തില്‍ മിഥു (25), അടൂര്‍ പെരിങ്ങനാട്, കുന്നത്തൂക്കര അരുണ്‍ നിവാസില്‍ അരുണ്‍ കൃഷ്ണന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ എഴുപത്തിയാറുകാരനെയാണ് സംഘം തന്ത്രപൂര്‍വം കുരുക്കിലാക്കിയത്.

വയോധികന്‍ മാത്രമാണ് വീട്ടില്‍ താമസം. ഇവരുടെ 41 സെന്റ് സ്ഥലവും വീടും വില്‍ക്കുന്നതിന് വേണ്ടി ഓഎല്‍എക്‌സില്‍ പരസ്യം നല്‍കിയിരുന്നു. ഇതു കണ്ടിട്ടെന്ന വ്യാജേനെ സിന്ധുവും മറ്റൊരാളും നവംബര്‍ അവസാനം വയോധികനെ സമീപിച്ചു. ആദ്യ തവണ വസ്തുവിന്റെ വിവരങ്ങളും വിലയും ചോദിച്ച ശേഷം മകളുടെ കല്യാണം ആണെന്നും വീടിന്റെ പുറകുവശത്തെ 10 സെന്റ് സ്ഥലം മതിയെന്നും പറഞ്ഞ വിശ്വസിപ്പിച്ചു യുവതി മടങ്ങി. ഇക്കഴിഞ്ഞ ആറിന് ഉച്ചയ്ക്ക് രണ്ടിന് പരാതിക്കാരന്റെ വീട്ടിലെത്തിയ സിന്ധുവും മിഥുവും ചേര്‍ന്നാണ് കെണിയൊരുക്കിയത്. തുടര്‍ന്ന് വയോധികനുമായി സിന്ധു അടുത്തിടപഴകി.

വീട്ടിനുള്ളില്‍ കയറിയ യുവതി ഇയാളുടെ മടിയില്‍ കയറി ഇരുന്നു. ഈ സമയം ഒപ്പം വന്ന മിഥു ഇതെല്ലാം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ചു. അതിന് ശേഷം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്ന് രണ്ടു ലക്ഷം രൂപയുടെ ബ്ലാങ്ക് ചെക്കും അര പവന്റെ സ്വര്‍ണ മോതിരവും റൈസ് കുക്കറും മെഴുക് പ്രതിമയും മൊബൈല്‍ ഫോണും കൈക്കലാക്കി. ഡിജിപി, പന്തളം എസ്എച്ച്ഒ എന്നിവരെ പരിചയമുണ്ടെന്നും ഇവരെ വിളിച്ചുവരുത്തി തങ്ങളെ ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്ന് കാല്‍ക്കല്‍വീണ് കരഞ്ഞ വയോധികനെക്കൂട്ടി ഇവര്‍ പന്തളം എസ്ബിഐ ശാഖയില്‍ എത്തി രണ്ടുലക്ഷം രൂപയുടെ ചെക്ക് മാറി. ബാങ്കില്‍ നിന്നും ഒന്നര ലക്ഷം രൂപ മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളു. വയോധികന് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടു പോകുവാന്‍ പണം വേണമെന്നും യുവതി ബാങ്കില്‍ ആവശ്യപ്പെട്ടു പിന്നീട് ബാങ്കില്‍ നിന്നും യുവതിയുടെ അക്കൗണ്ടിലേക്ക് 50000 രൂപ അയച്ചു കൊടുക്കുകയും ചെയ്തു.

പണം കൈക്കലാക്കിയ യുവതി വയോധികനെ വീട്ടില്‍ കൊണ്ടാക്കി. ഈ കാര്യം ആരോടും പറയരുത് എന്ന് പറഞ്ഞാണ് മടങ്ങിയത്. ആദ്യ തവണ ഓട്ടോറിക്ഷയില്‍ എത്തിയ യുവതി പിന്നീട് കാറിലാണ് വന്നത്. കഴിഞ്ഞ ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടുമെത്തിയ സംഘത്തില്‍ അരുണ്‍ കൃഷണന്‍ കൂടിയുണ്ടായിരുന്നു. പൊലീസുകാരനാണെന്ന് പരാതിക്കാരനെ ഇവര്‍ തെറ്റിദ്ധരിപ്പിച്ചു. അതിന് ശേഷം ഭീഷണി മുഴക്കി 18,000 രൂപയുടെ ചെക്ക് വാങ്ങി. കൂടാതെ മൂന്നു ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. പിന്നെയും പ്രതികള്‍ ഭീഷണി തുടര്‍ന്നപ്പോഴാണ് വയോധികന്‍ വീട്ടില്‍ എത്തിയ ഇളയ മകനെ കാര്യങ്ങള്‍ ധരിപ്പിച്ചത്. മകന്‍ പോലീസില്‍ പരാതി നല്‍കി. മൂന്നു ലക്ഷം രൂപ വങ്ങാന്‍ വീട്ടില്‍ എത്തിയ സംഘത്തെ പൊലീസ് ഐരാണിക്കുഴി പാലത്തിന് സമീപം വെച്ച് തന്ത്രപരമായി പിടികൂടുകയായിരുന്നു.

കേന്ദ്ര സര്‍വീസില്‍ റിട്ട. ഉദ്യോഗസ്ഥനാണ് പരാതിക്കാരന്‍. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് ആണ്‍മക്കളും എറണാകുളത്താണ് . പ്രതി സിന്ധു നേരത്തേയും സമാനരീതിയില്‍ ഹണിട്രാപ്പ് നടത്തിയതിന് പിടിയിലായ ആളാണ്. പ്രതികളെ അടൂര്‍ കോടതിയില്‍ ഹാജരാക്കി. തുമ്പമണ്‍, കടയക്കാട് , മങ്ങാരം, മുടിയൂര്‍ക്കോണം എന്നിവിടങ്ങളില്‍ നേരത്തെ യുവതി വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ആര്‍.നിശാന്തിനി, ഡിവൈഎസ്പി.ആര്‍ ബിനു, പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാര്‍, എസ്.ഐ.ജി.ഗോപന്‍, എ.എസ്.ഐമാരായ സന്തോഷ്, അജിത്ത്, സി.പി.ഒമാരായ മഞ്ജുമോള്‍, കൃഷ്ണദാസ്, സുഭാഷ്, എം.നാദീര്‍ഷാ, എന്നിവര്‍ ഉള്‍പ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…