കൊച്ചി: കുവൈത്തിലേക്കു യുവതികളെ കടത്തിയ കേസിലെ രണ്ടാം പ്രതി പത്തനംതിട്ട സ്വദേശി അജുമോനെ (35) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദാണു കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഇപ്പോഴും വിദേശത്ത് ഒളിവിലാണ്. കേസില്‍ അജുമോന്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചിരുന്നു. കോടതി അപേക്ഷ തള്ളിയതോടെ ഇന്നലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
കേസില്‍ പൊലീസ് മനുഷ്യക്കടത്തു (ഐപിസി-370) കുറ്റവും ചേര്‍ത്ത് എഫ്‌ഐആര്‍ പുതുക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കേസന്വേഷണം ഏറ്റെടുക്കാനുള്ള അവസരം ഒരുങ്ങി.
കുട്ടികളെ പരിചരിക്കാന്‍ മാസം 60000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണു മജീദ് യുവതികളെ ജോലിയിലേക്കു ആകര്‍ഷിച്ചത്. സൗജന്യവിമാന ടിക്കറ്റും വീസയും വാഗ്ദാനം ചെയ്തതാണു പ്രതികള്‍ നിര്‍ധനകുടുംബങ്ങളിലെ യുവതികളെ കെണിയില്‍ വീഴ്ത്തിയത്. പരാതിക്കാരിയായ കൊച്ചി സ്വദേശിനിയെ ദുബായിലാണ് ആദ്യം എത്തിച്ചത്.
യുവതിയെ പിന്നീട് കുവൈത്തില്‍ എത്തിച്ചു. അവിടെ ‘മാമ’ എന്നു വിളിക്കുന്ന കുവൈത്തി സ്ത്രീ വന്നു കൂട്ടിക്കൊണ്ടുപോയി, യുവതിയെ കൈമാറിയപ്പോള്‍ മജീദിനു മൂന്നര ലക്ഷം രൂപയോളം ലഭിച്ചതായും പരാതിയിലുണ്ട്. പരാതി കൊടുത്ത കൊച്ചി സ്വദേശിക്കു പുറമേ കൊല്ലം സ്വദേശിയായ യുവതിയും തൃക്കാക്കര സ്വദേശിയായ യുവതിയും ഇവരുടെ തട്ടിപ്പില്‍ അകപ്പെട്ടിരുന്നു.
യുവതികളെ സിറിയയിലേക്കു കടത്തി ഐഎസിനു വില്‍പന നടത്തിയെന്ന ആരോപണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിക്കും കൂടുതല്‍ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കേസിലെ മുഖ്യപ്രതിയായ മജീദിനെ ചോദ്യം ചെയ്താല്‍ മാത്രമേ ഐഎസ് ബന്ധം സംബന്ധിച്ചു വ്യക്തത വരുത്താന്‍ കഴിയൂ.